
ദില്ലി: മൂന്ന് ദിവസത്തെ ‘ഗോട്ട് ടൂർ’ പരിപാടിയിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബർ 13, 14, 15 തീയതികളിൽ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസിയുടെ ഇന്ത്യ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി പരിപാടികൾ അദ്ദേഹത്തിന്റെ ഷെഡ്യൂളിലുണ്ട്. ബാഴ്‌സലോണയിലും ഇന്റർ മയാമിയിലും മെസിയുടെ സഹതാരമായ ഇതിഹാസ സ്‌ട്രൈക്കർ ലൂയിസ് സുവാരസും ഫിഫ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോളും ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട് എന്നതാണ് സവിശേഷത.
പൊതുജനങ്ങൾക്ക് മുന്നിൽ മെസി എത്തുന്ന ഗോട്ട് ടൂറിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. മിക്ക നഗരങ്ങളിലും ടിക്കറ്റ് വില ഏകദേശം 4,500 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ, മുംബൈ ടൂറിന് മാത്രം ഏകദേശം ഇരട്ടിയോളമാണ് ടിക്കറ്റ് നിരക്ക്. റിപ്പോർട്ടുകൾ പ്രകാരം മുംബൈ ടൂറിന്റെ ടിക്കറ്റ് നിരക്ക് 8,250 രൂപ മുതലാണ് ആരംഭിക്കുന്നത്. മയാമിയിൽ നിന്നാണ് മെസി ഇന്ത്യയിലേയ്ക്ക് വരുന്നത്. ദീർഘദൂര യാത്രയായതിനാൽ അദ്ദേഹം ദുബായിൽ ഒരു ചെറിയ സ്റ്റോപ്പ് എടുത്ത ശേഷം പുലർച്ചെ 1:30ന് കൊൽക്കത്തയിൽ എത്തും.
കൊൽക്കത്തയിൽ രാവിലെ 9:30 മുതൽ മെസിയുടെ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും. സെലിബ്രിറ്റി സൗഹൃദ മത്സരം ഉൾപ്പെടെ നിരവധി പരിപാടികൾക്ക് ശേഷം സൗരവ് ഗാംഗുലിയുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം മെസി ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 7v7 ഫുട്ബോൾ മത്സരത്തിൽ താരം പങ്കെടുക്കും. മെസിയോടുള്ള ബഹുമാനാർത്ഥം വൈകുന്നേരം ഒരു സംഗീത പരിപാടിയും ഉണ്ടായിരിക്കും.
ഹൈദരാബാദിന് ശേഷം മെസി മുംബൈയിലേക്ക് പോകും. അവിടെ വെച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ഫാഷൻ ഷോയിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ലൂയിസ് സുവാരസ് അവതരിപ്പിക്കുന്ന ഒരു സ്പാനിഷ് സംഗീത ഷോയും മുംബൈ ടൂറിൽ ഉൾപ്പെടുന്നു. തുടർന്ന്, ഗോട്ട് ടൂർ ദില്ലിയിൽ സമാപിക്കും. അവിടെ വെച്ച് മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും.
ഇത് രണ്ടാം തവണയാണ് മെസി ഇന്ത്യ സന്ദർശിക്കുന്നത്. ഇതിന് മുമ്പ് 2011ൽ വെനിസ്വേലയ്‌ക്കെതിരെ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ കളിക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസി മികച്ച പ്രകടനം കാഴ്ചവെക്കുകയും അർജന്റീനയുടെ 1-0 വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!