ലിയോ തന്നെ കിംഗ്; ബാലൻ ഡി ഓറില്‍ ആറാം തമ്പുരാന്‍

By Web TeamFirst Published Dec 3, 2019, 8:29 AM IST
Highlights

ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരമെന്ന റെക്കോർ‍‍ഡ് ഇതോടെ മെസി സ്വന്തമാക്കി. അഞ്ച് തവണ പുരസ്‌കാരം നേടിയ റൊണാൾഡോയെ പിന്തള്ളിയാണ് മെസി ആറാം കിരീടം പേരിലാക്കിയത്.

പാരിസ്: ലോക ഫുട്ബോളിന്റെ നെറുകയിൽ 2015ന് ശേഷം വീണ്ടും ലിയോണൽ മെസി. 2019ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ലിയോണൽ മെസി സ്വന്തമാക്കി. ഡച്ച് താരം വിർജിൽ വാൻ ഡൈക്കിനെ പിന്തള്ളിയാണ് നേട്ടം. അമേരിക്കയുടെ മേഗൻ റാപീനോയാണ് മികച്ച വനിതാ താരം.

ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരമെന്ന റെക്കോർ‍‍ഡ് ഇതോടെ മെസി സ്വന്തമാക്കി. അഞ്ച് തവണ പുരസ്‌കാരം നേടിയ റൊണാൾഡോയെ പിന്തള്ളിയാണ് മെസി ആറാം കിരീടം പേരിലാക്കിയത്. ചാമ്പ്യൻസ് ലീഗിലെയും ലാലിഗയിലെയും മിന്നും പ്രകടനമാണ് മെസിക്ക് തുണയായത്. ലാലിഗയിൽ 36ഉം ചാമ്പ്യൻസ് ലീഗിൽ 12ഉം ഗോളുകളാണ് സീസണിൽ മെസി നേടിയത്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസിക്കായിരുന്നു. 2009 മുതൽ 2012 വരെ തുടർച്ചയായി നാല് വർഷം മെസി ബാലൻ ഡി ഓർ ഉയർത്തിയിട്ടുണ്ട്.

ഡച്ച് പ്രതിരോധ താരം വിർജിൽ വാൻ ഡൈക്കായിരുന്നു ഇത്തവണ മെസിയുടെ എതിരാളി. ലിവർപൂളിന്റെ പ്രതിരോധം കോട്ടപോലെ കാത്ത വാൻഡൈക്കിന് പക്ഷേ മെസിയുടെ ഗോൾപട്ടികയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും മുഹമ്മദ് സലെയും അവസാന അഞ്ചിൽ ഇടംപിടിച്ചു. 2018ലെ ജേതാവ് ലൂക്കാ മോഡ്രിച്ചാണ് മെസിക്ക് കിരീടം സമ്മാനിച്ചത്.

അമേരിക്കയെ ചാമ്പ്യൻമാരാക്കുന്നതിൽ നടത്തിയ നിർണായക പ്രകടനത്തിലൂടെ മേഗൻ റാപീനോയെ മികച്ച വനിത താരമായി. ഫിഫയുടെ വനിതാ താരവും റാപീനോയായിരുന്നു. മികച്ച ഗോൾകീപ്പ‍ർ ലിവര്‍പൂളിന്‍റെ ബ്രസീലിയന്‍ അലിസൺ ബക്കറാണ്. യുവന്റസിന്റെ മാതിസ് ഡി ലിറ്റാണ് മികച്ച യുവതാരം.

click me!