ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്‍ വെറുമൊരു ഫുട്‌ബോള്‍ മത്സരം മാത്രം; നിലപാട് വ്യക്തമാക്കി ലിയോണല്‍ സ്‌കലോണി

Published : Jul 12, 2026, 09:57 PM IST
Argentina

Synopsis

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന് ശേഷം, ചരിത്രപരമായ വൈര്യങ്ങളെ അവഗണിച്ച് കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ശക്തരായ എതിരാളികളെയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തെ ഒരു ഫുട്‌ബോള്‍ മത്സരം മാത്രമായി കാണാനാണ് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോണി താല്പര്യപ്പെടുന്നത്. ചരിത്രപരമായ വൈര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെയും ആരാധകരുടെയും ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സ്‌കലോണി ഇക്കാര്യം വ്യക്തമാക്കിയത്.

കാന്‍സാസ് സിറ്റിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ എക്‌സ്ട്രാ ടൈമില്‍ 3-1 എന്ന സ്‌കോറിനാണ് അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തത്. അലക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയെ മുന്നിലെത്തിച്ചെങ്കിലും, ഡാന്‍ എന്‍ഡോയയിലൂടെ സ്വിസ് പട സമനില പിടിച്ചു. എന്നാല്‍ സ്വിസ് താരം ബ്രെല്‍ എംബോളോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ കളി അര്‍ജന്റീനയുടെ നിയന്ത്രണത്തിലായി. 112-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസും നേടിയ ഗോളുകള്‍ അര്‍ജന്റീനയ്ക്ക് സെമി ടിക്കറ്റ് ഉറപ്പിച്ചു നല്‍കി.

ഫുട്‌ബോളിനപ്പുറം രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്നതാണ് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടങ്ങള്‍. 1982-ലെ ഫോക്ലാന്‍ഡ്സ് യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1986 ലോകകപ്പില്‍ ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോളിന്റെ പേരിലും, 1998, 2002 ലോകകപ്പുകളിലെ വാശിയേറിയ പോരാട്ടങ്ങളുടെ പേരിലും ഈ മത്സരം ഫുട്‌ബോള്‍ ലോകത്ത് എന്നും ചര്‍ച്ചയാണ്.

ചരിത്രപരമായ പശ്ചാത്തലങ്ങള്‍ നിലനില്‍ക്കുമ്പോഴും, അതെല്ലാം അവഗണിച്ച് കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്‌കലോണി ആഗ്രഹിക്കുന്നത്. 'ഇതൊരു ഫുട്‌ബോള്‍ മത്സരം മാത്രമാണ്. അതാണ് എനിക്ക് പറയാനുള്ളത്. ഞങ്ങള്‍ നേരിടുന്നത് വളരെ ശക്തരായ ഒരു എതിരാളിയെയാണ്. മികച്ച പരിശീലകനാണ് അവര്‍ക്കുള്ളത്. ഇനിയുള്ളത് ഫുട്‌ബോള്‍ മാത്രമാണ്.' സ്‌കലോണി വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. 'മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. കളിയുടെ നിലവാരത്തേക്കാള്‍ ഉപരിയായി വിജയിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്. ഞങ്ങള്‍ സെമിഫൈനലിലാണ്, ഇതൊരു വലിയ നേട്ടമാണ്.' അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കടക്കാന്‍ ഒരുങ്ങുന്ന അര്‍ജന്റീന, അവസാന ശ്വാസം വരെ പൊരുതാനാണ് തയ്യാറെടുക്കുന്നത്. ചരിത്രവും വാശിയും മാറ്റിവെച്ച് അറ്റ്‌ലാന്റയില്‍ നടക്കാന്‍ പോകുന്ന വമ്പന്‍ പോരാട്ടത്തിനായി ലോകം കാത്തിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ, ഏതൊരു ടീമും അവനെ പോലൊരു താരത്തെ അർഹിക്കുന്നു'; ബെല്ലിങ്‌ഹാമിനെ പ്രശംസിച്ച് ഹാളണ്ട്
'സെമിയിൽ എത്തിയതിൽ സന്തോഷം, പക്ഷേ മെച്ചപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്..'; പ്രതികരണവുമായി സ്കലോണി