
ബ്യൂണസ് അയേഴ്‌സ്: സമീപകാലത്ത് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് അര്‍ജന്റീന. ലോകകപ്പ് ഉള്‍പ്പടെ മൂന്ന് പ്രധാന കിരീടങ്ങളാണ് അര്‍ജന്റീന സ്വന്തമാക്കിയത്. ഇതിന്റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ കോച്ച് ലിയോണല്‍ സ്‌കലോണി. ബ്രസീലിനെ മാരക്കനായില്‍ വീഴ്ത്തി കോപ്പ അമേരിക്കയില്‍ ചുംബിച്ചാണ് അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെയും ലിയോണല്‍ മെസിയുടെയും ഉയിര്‍പ്പ് തുടങ്ങിയത്.
ഏഞ്ചല്‍ ഡി മരിയയുടെ ഒറ്റഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. രാജ്യാന്തര ഫുട്‌ബോളില്‍ അര്‍ജന്റൈന്‍ സീനിയര്‍ ടീമിനൊപ്പം മെസിക്ക് ആദ്യ കിരീടം സമ്മാനിച്ച ഗോള്‍കൂടിയായിരുന്നു ഇത്. യൂറോപ്യന്‍ ചാംപ്യന്‍മാരെ വീഴ്ത്തി ഫൈനലിസിമയിലും മെസിപ്പടയുടെ ആധിപത്യം. ഒടുവില്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ ഫ്രാന്‍സിനെ മറികടന്ന് ഫുട്‌ബോളിലെ സ്വപ്നകിരീടം.
മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കരുത്തിലായിരുന്നു അര്‍ജന്റീനയുടെ നേട്ടങ്ങളെല്ലാം. ലിയോണല്‍ സ്‌കലോണിയുടെ തന്ത്രങ്ങളെല്ലാം കളിക്കളത്തില്‍ നടപ്പായപ്പോള്‍ അര്‍ജന്റീനയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മെസിയെ സ്വതന്ത്രനായി കളിക്കാന്‍ അനുവദിക്കുന്നതായിരുന്നു തന്റെ തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവെന്ന് സ്‌കലോണി പറയുന്നു. ''പരിശീലക ചുമതല ഏറ്റെടുത്ത ആദ്യമത്സരങ്ങളില്‍ വേഗത്തില്‍ കളിക്കാനായിരുന്നു തീരുമാനം. മെസിയടക്കമുള്ള താരങ്ങള്‍ പ്രയാസപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി. ഇതോടെ കളിയുടെ വേഗം കുറച്ച് മെസിയെ സ്വതന്ത്രനാക്കി. പലപരീക്ഷണങ്ങളിലൂടെ മെസിക്ക് അനുയോജ്യരായ കളിക്കാരെ കണ്ടെത്തി. അവരെല്ലാം മെസിയുടെ മനസ്സറിഞ്ഞ് പന്ത് തട്ടാന്‍ തുടങ്ങിയതോടെയാണ് അര്‍ജന്റീനയുടെ തലവര മാറിയത്.'' സ്‌കലോണി പറഞ്ഞു.
2018 ഓഗസ്റ്റ് മൂന്നിന് ചുമതലയേറ്റെടുത്ത സ്‌കലോണിക്ക് കീഴില്‍ അര്‍ജന്റീന കളിച്ചത് ആകെ 59 മത്സരങ്ങളില്‍. ഇതില്‍ മുപ്പത്തിയൊന്‍പതിലും അര്‍ജന്റീന ജയിച്ചു. 15 സമനിലയും അഞ്ച് തോല്‍വിയും. ആകെ 122 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 35 ഗോള്‍ മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!