
ലണ്ടൻ: അർജന്‍റൈൻ ഇതിഹാസം ലിയോണൽ മെസി പ്രീമിയർ ലീഗിൽ കളിക്കാൻ വഴിതെളിയുന്നു. വായ്പാ കരാറിൽ മെസിയെ ടീമിലെത്തിക്കാൻ ലിവർപൂളാണ് ശ്രമിക്കുന്നത്. മേജർ ലീഗ് സോക്കറിൽ ഗോളടിമേളത്തോടെ സീസൺ അവസാനിപ്പിച്ച ലിയോണൽ മെസി ഇപ്പോൾ വിശ്രമത്തിൽ. ഇന്‍റർ മയാമിയുടെ മത്സരങ്ങൾ പുനരാരംഭിക്കുക ഫെബ്രുവരി അവസാനവാരം മാത്രം. ഈ ഇടവേളയിൽ ബെക്കാം റൂൾ പ്രകാരം മെസിയെ പ്രീമിയർ ലീഗിൽ എത്തിക്കാനാണ് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്‍റെ ശ്രമം.
ലോകകപ്പ് വർഷമായതിനാൽ ഏറെനാൾ കളിക്കളത്തിൽനിന്ന് വിട്ടു നിൽക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം. ഇത് പ്രയോജനപ്പെടുത്താണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ നീക്കം. അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരം അലക്സി മക് അലിസ്റ്ററും ലിവര്‍പൂളില്‍ കളിക്കുന്നുണ്ട്. മേജർ ലീഗ് സോക്കറിന്‍റെ ഇടവേളയിൽ യൂറോപ്യൻ ലീഗിൽ കളിക്കുന്നതാണ് ബെക്കാം റൂൾ. അമേരിക്കൻ ലീഗിലെ ലോസാഞ്ചലസ് ഗാലക്സി താരമായിരുന്ന ബെക്കാം സീസൺ ഇടവേളയിൽ ഇറ്റാലിയൻ ക്ലബ് എ സി മിലാനിൽ രണ്ടു സീസണിൽ കളിച്ചിരുന്നു. ഇതാണ് പിന്നീട് ബെക്കാം റൂൾ എന്നറിയപ്പെട്ടത്.
നാലോ അഞ്ചോ ആഴ്ച മെസി ടീമിനൊപ്പം ഉണ്ടെങ്കിൽ കളിയിലും ആരാധക പിന്തുണയിലും വലിയ മാറ്റം ഉണ്ടാവുമെന്നാണ് ലിവർപൂൾ മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. 20 കളിയിൽ 34 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ. ബെക്കാം റൂൾ പ്രകാരം മെസ്സിയെ കാംപ് നൗവിൽ തിരികെ എത്തിക്കാൻ ബാഴ്സലോണയും ശ്രമിച്ചിരുന്നു. എന്നാൽ ഈനീക്കം വിജയിച്ചില്ല. ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സൺ ബെക്കാം റൂൾ പ്രകാരം മുൻക്ലബായ ടോട്ടനത്തിലും തിരികെ എത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!