
മ്യൂനിച്ച്: ലിവര്‍പൂളിന്റെ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ (Sadio Mane) ബയേണ്‍ മ്യൂണിക്കില്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 43 ദശലക്ഷം ഡോളറിനാണ് മാനെ പ്രീമിയര്‍ ലീഗില്‍ നിന്ന് ബുണ്ടസ്‌ലീഗയിലെത്തുന്നത്. ടീമിനായി ചെയ്ത സേവനങ്ങള്‍ക്ക് സാദിയോ മാനെയ്ക്ക് ലിവര്‍പൂള്‍ (Liverpool) നന്ദിയറിയിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനായിട്ടാണ് (Robert Lewandowski) ബയേണ്‍ മാനെയെ ടീമിലെത്തിച്ചത്.
ആന്‍ഫീല്‍ഡില്‍ നേടാവുന്നതെല്ലാം നേടിയ സാദിയോ മാനെ ഇനി അലയന്‍സ് അരീനയുടെ നെടുന്തൂണ്‍. 2025 വരെയാണ് 30കാരനായ സാദിയോ മാനെയുടെ കരാര്‍. 2016ല്‍ ലിവര്‍പൂളിന്റെ ചെങ്കുപ്പായത്തിലെത്തിയ സാദിയോ മാനെ മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ഗോളടിച്ച് കൂട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലിവര്‍പൂളിന്റെ സുവര്‍ണ കാലഘട്ടം.
ചാംപ്യന്‍സ് ലീഗും യുവേഫസൂപ്പര്‍കപ്പും,ഫിഫ ക്ലബ്ബ് ലോകകപ്പും 2019ല്‍ സ്വന്തമാക്കി. 2020ല്‍ ടീമിനെ ആദ്യ പ്രീമിയര്‍ലീഗ് കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ഇഎഫ്എല്‍ കപ്പും എഫ്എ കപ്പും ലിവര്‍പൂളിനൊപ്പം നേടിയ സാദിയോ മാനെ ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായകമായി. പ്രീമിയര്‍ലീഗിലും ലിവര്‍പൂളായിരുന്നു റണ്ണേഴ്‌സ് അപ്പ്. 269 കളിയില്‍ 120 ഗോളുകളാണ് ലിവര്‍പൂളിനായി സാദിയോമാനെനേടിയത്.
ഇതാണ് മാറ്റത്തിനുള്ള ശരിയായ സമയമെന്നാണ് കരാറിലൊപ്പിട്ട ശേഷം സാദിയോ മാനെയുടെ പ്രതികരണം. ബയേണിലും നിരവധി നേട്ടങ്ങള്‍ സ്വപ്നം കാണുന്നുവെന്നും മാനെ പറഞ്ഞു. സെനഗലിന്റെ കായികമുഖമായ സാദിയോ മാനെ ടീമിലെത്തിയതോടെ കളിക്കളത്തിന് പുറമെ ബയേണിന് വിപണിയിലും അത് കൂടുതല്‍ നേട്ടമാകും.
സെനഗലിനായി 89 മത്സരങ്ങളില്‍ മാനെ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. ദേശീയ ടീമിനെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ ചാംപ്യന്മാരാക്കിയ സാദിയോ മാനെ 2019ല്‍ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!