
ലീഡ്‌സ്: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ വിപണി തുറന്നതോടെ ഏറ്റവും കൂടുതല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഒരു ബ്രസീലിയന്‍ താരത്തെയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലീഡ്‌സ് യുണൈറ്റഡിന്റെ (Leeds United) റഫീഞ്ഞ. തരംതാഴ്ത്തല്‍ ഭീഷണി മറികടന്ന് ലീഡ്‌സ് യുണൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബ്രസീലിയന്‍ വിംഗര്‍ റഫീഞ്ഞയായിരുന്നു.
ഇതുകൊണ്ടുതന്നെ റാഫീഞ്ഞയെ സ്വന്തമാക്കാന്‍ യൂറോപ്യന്‍ ക്ലബുകളുടെ മത്സരമാണ്. ഈ സീസണോടെ ലീഡ്‌സ് യുണൈറ്റഡ് വിടാനൊരുങ്ങുന്ന റഫീഞ്ഞയ്ക്കായി നാല് ക്ലബുകള്‍ സജീമായി അണിയറനീക്കം നടത്തുന്നുണ്ട്. ഇതില്‍ മൂന്നും പ്രീമിയര്‍ ലീഗ് ക്ലബുകളാണ്. ചെല്‍സി, ആഴ്‌സനല്‍, ടോട്ടനം എന്നിവരാണ് റഫീഞ്ഞയെ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് ക്ലബ് ബാഴ്‌സലോണ (Barcelona) ആദ്യം മുതല്‍ റാഫീഞ്ഞയില്‍ (Raphinha) താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ഡി മരിയയുടെ സ്വപ്ന ഇലവനില്‍ ബ്രസീലിയന്‍ ആധിപത്യം; അര്‍ജന്റീനയില്‍ നിന്ന് ഒരാള്‍ മാത്രം
ബാഴ്‌സയുമായി റഫീഞ്ഞ വാക്കാല്‍ ധാരണയിലുമെത്തിയിരുന്നു. എന്നാല്‍ കരാര്‍ സംബന്ധിച്ച് ലീഡ്‌സുമായി ധാരണയായിട്ടില്ല.
ട്രാന്‍സ്ഫര്‍ ഫീയുടെ കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. കുറഞ്ഞത് 65 ദശലക്ഷം യൂറോ റഫീഞ്ഞയ്ക്കായി കിട്ടണമെന്നാണ് ലീഡ്‌സിന്റെ ആവശ്യം. ഇരുപത്തിയഞ്ചുകാരനായ റഫീഞ്ഞ പോയ സീസണില്‍ 11 ഗോളും മൂന്ന് അസിസ്റ്റും സ്വന്താക്കിട്ടിയിട്ടുണ്ട്.
ഗിഗ്‌സ് ഇനി വെയ്ല്‍സിനൊപ്പമില്ല
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍താരം റയാന്‍ ഗിഗ്‌സ് വെയില്‍സ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. ഗാര്‍ഹിക പീഡന കേസിന്റെ പശ്ചാത്തലത്തിലാണ് രാജി. വെയില്‍സിന് യൂറോ കപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനാണ് റയാന്‍ ഗിഗ്‌സ്. യുവേഫ നേഷന്‍സ് ലീഗില്‍ ടീമിനെ എ ക്വാളിഫിക്കേഷനിലേക്ക് നയിച്ചതും ഗിഗ്‌സിന്റെ കാലത്താണ്. മുന്‍ കാമുകിയെയും സഹോദരിയെയും കൈയ്യേറ്റം ചെയ്‌തെന്നാണ് ഗിഗ്‌സിനെതിരായ കേസ്. അറസ്റ്റ് നേരിട്ട പശ്ചാത്തലത്തില്‍ നേരത്തെ ടീമില്‍ നിന്ന് താല്‍ക്കാലികമായി ഗിഗ്‌സ് പിന്മാറിയിരുന്നു.
പകരം അസിസ്റ്റന്റ് കോച്ച് റോബ് പേജായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. ജാമ്യത്തിലുള്ള ഗിഗ്‌സ് കേസ് നടപടിക്ക് ശേഷം ടീമിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ജനുവരിയില്‍ തുടങ്ങേണ്ട വിചാരണ നടപടികള്‍ ഓഗസ്റ്റ് എട്ടിലേക്ക് മാറ്റിയതാണ് ഗിഗ്‌സിന് തിരിച്ചടിയായത്. മുഖ്യപരിശീലകന്റെ കാര്യത്തില്‍ അനിശ്ചിതത്വം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഗിഗ്‌സിന്റെ രാജിപ്രഖ്യാപനം. ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയത് വലിയ അംഗീകാരമെന്ന് പറഞ്ഞ ഗിഗ്‌സ് ലോകകപ്പില്‍ ടീമിന് ആശംസകള്‍ നേര്‍ന്നു.