ലിവര്‍പൂള്‍ കൂടുതല്‍ ചുവക്കട്ടെ; ലിവര്‍പൂളിന്റെ കിരീടധാരണത്തെ പ്രകീര്‍ത്തിച്ച് ബിനീഷ് കോടിയേരി

By Web TeamFirst Published Jun 27, 2020, 8:03 PM IST
Highlights

ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇടതു രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ലിവർപൂൾ നഗരത്തിന്റേത്. തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ നിരന്തരം തെരുവിലുയർന്നിരുന്ന നഗരമാണ് ലിവർപൂൾ.

തിരുവനന്തപുരം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 30 വര്‍ഷത്തിനുശേഷം ലിവര്‍പൂള്‍ കിരീടമുയര്‍ത്തിയതിനെ പ്രകീര്‍ത്തിച്ച് ബിനീഷ് കോടിയേരി. ചരിത്രം പരിശോധിക്കുമ്പോള്‍ എന്നും ഇടതു രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ലിവർപൂൾ നഗരത്തിന്റേതെന്നും തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ നിരന്തരം തെരുവിലുയർന്നിരുന്ന നഗരമാണ് ലിവർപൂളെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് പോസ്റ്റ്:
ലിവർപൂൾ ക്ലബ് ചാമ്പ്യൻമാരായിരിക്കുന്നു എന്തുകൊണ്ട് ലിവർപൂൾ വിജയം നമ്മളും ആഘോഷിക്കപെടണം ..

മാർക്സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും മാവോയുടെയും ഛായാചിത്രങ്ങൾ ഉൾപ്പെട്ട ലോകപ്രശസ്തമായ കമ്യൂണിസ്റ്റ് ബാനറിനോട് സാദൃശ്യമുള്ള പോസ്റ്റർ ഉയർന്നിരിക്കുന്നത് ലിവർപൂളിന്റെ ഗ്യാലറികളിലാണ്. സെൽറ്റിക്കിനെയും ലിവോർനോയേയും ഹപോഎൽ ടെൽ അവീവിനെയും പോലെ ഇടതുരാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന ക്ലബ്ബാണ് ലിവർപൂൾ.
ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇടതു രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ലിവർപൂൾ നഗരത്തിന്റേത്.
 
തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ നിരന്തരം തെരുവിലുയർന്നിരുന്ന നഗരമാണ് ലിവർപൂൾ. പാവങ്ങളെ നശിപ്പിക്കുന്നതിനേക്കാൾ നല്ലത് അതിന് കൂട്ടുനിൽക്കുന്ന നിയമത്തെ തകർക്കലാണ് എന്നത് 1980കളിൽ ലിവർപൂളിൽ നിരന്തരമുയർന്ന മുദ്രാവാക്യമാണ്. ഇടതുരാഷ്ട്രീയത്തിനോട് ചേർന്നുനിന്നു എന്ന കാരണത്താൽ ലണ്ടൻ ഭരണകൂടത്തിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന ഫണ്ട് പോലും നിഷേധിക്കപ്പെട്ട നഗരമായിരുന്നു ലിവർപൂൾ എന്ന് തൊഴിലാളികളുടെ കൗൺസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.



ലിവർപൂളിന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്ത, കിരീടങ്ങൾ നേടിക്കൊടുത്ത മാനേജർ ബിൽ ഷാങ്ക്ലി ഇടതുപക്ഷത്തിനോട് ചേർന്നു നിൽക്കുന്ന ആളായിരുന്നു. "എല്ലാവരും എല്ലാവർക്കും വേണ്ടി തൊഴിലെടുക്കുന്ന, എല്ലാവരും എല്ലാവരെയും സഹായിക്കാനെത്തുന്ന, തൊഴിലെടുത്തതിന്റെ വേതനം അന്നേദിവസം തന്നെ ഓരോരുത്തരുടെയും കൈകളിലെത്തുന്ന, ഒത്തുചേർന്ന അധ്വാനത്തിലൂടെ മാത്രമേ ഈ ലോകം നിലനിൽക്കൂ എന്ന് ഞാൻ കരുതുന്നു" ഷാങ്ക്ലിയുടെ വാക്കുകളാണിത്.

ഇതിന് സമാനമായ ചിന്താഗതിയുള്ള ഒരു മാനേജറാണ് ലിവർപൂളിന് പുതുജീവൻ നൽകിയ ജർഗൻ ക്ലോപ്പ് "എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ചെയ്യില്ലെന്ന് ഉറപ്പുള്ള കാര്യം വലതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തില്ല എന്നതാണ്" ലിവർപൂൾ എന്ന ഫുട്ബോൾ ക്ലബ്ബിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയ ജർഗൻ ക്ലോപ്പ് പറയുന്നു. ഫുട്ബോളിൽ ഒരു കളിക്കാരനെ വച്ച് ഒന്നും നേടാനാവില്ലെന്ന് നിരന്തരം ആവർത്തിക്കുന്ന ക്ലോപ്പ് ഫുട്ബോൾ ഒരു ടീം ഗെയിം ആണെന്ന് എപ്പോഴും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. തന്റെ രാഷ്ട്രീയമെന്തെന്ന് മറച്ചുവെക്കാതെ ക്ലോപ്പ് വിളിച്ചുപറഞ്ഞിട്ടുണ്ട്. താൻ ഇടതുപക്ഷമാണ്. വലതുപക്ഷമോ ഇടതിന്റെയോ വലതിന്റെ നടുവിൽ നിൽക്കുകയോ ചെയ്യുന്ന രാഷ്ട്രീയമോ അല്ല, ഞാൻ ഇടതാണ്. സമ്പന്നരുടെ നികുതി വെട്ടിക്കുറക്കാമെന്ന വാഗ്ദാനം നൽകി വോട്ട് ചോദിക്കുന്നവർക്ക് താനൊരിക്കലും എന്റെ വോട്ട് നൽകാനും പോവുന്നില്ല.


ലിവർപൂൾ അതിന്റെ ഉന്നതികളിലേക്ക് മടങ്ങിവരുമ്പോൾ എന്റെ കാഴ്ചപ്പാടുകൾ സോഷ്യലിസ്റ്റ് നിലപാടുകളിലൂന്നിയതാണെന്ന് പറഞ്ഞുകൊണ്ട് ലിവർപൂളിനെ നയിച്ച, ലിവർപൂളിന് ചുവന്ന ജേഴ്സി സമ്മാനിച്ച ഷാങ്ക്ലി ജീവിച്ചിരിപ്പില്ല. എന്നാൽ അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഷാങ്ക്ലിയുടെ ശരിയായ പകരക്കാരനെന്ന് ഓരോ ലിവർപൂൾ ആരാധകനും പറയുന്ന ജർഗൻ ക്ലോപ്പ്, ബിൽ ഷാങ്ക്ലിയുടെ രാഷ്ട്രീയത്തിനോടും ചേർന്നുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഷാങ്ക്ലിയെ ചെഗുവേരയാക്കിയുള്ള ബാനറുകളും കോർബിനെ പിന്തുണച്ചുകൊണ്ടുള്ള ബാനറുകളും ലിവർപൂൾ ഗാലറികളിലുയരുന്നത് ആ ക്ലബ്ബിന്റെ ആരാധകരുടെ രാഷ്ട്രീയവും സമാനമാണെന്ന് നമുക്ക് കാണിച്ചുതരുന്നു.

ഫാസിസ്റ്റ് അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന പൊതുയോഗങ്ങളെ തടഞ്ഞും വലതുപക്ഷത്തെ പിന്തുണക്കുന്ന പത്രമായ "ദി സൺ" അനൗദ്യോഗികമായി നിരോധിച്ചും ലിവർപൂൾ നഗരം തങ്ങളുടെ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ജോർജ് ഫ്ലോയിഡ് വിഷയത്തിൽ പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായെത്തിയ ആദ്യ ഇംഗ്ലീഷ് ക്ലബുകളിലൊന്ന് ലിവർപൂളായിരുന്നു കളിക്കളത്തിൽ എല്ലാകളിക്കാരും മുട്ട്കുട്ടിനിന്നാണ് പ്രതിഷേധം അറിയിച്ചത് ..

മാനവികതയോട് ചേർന്ന് ലിവർപൂൾ കൂടുതൽ കൂടുതൽ കൂടുതൽ ചുവന്നുതന്നെ ഇരിക്കട്ടെ.

click me!