
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം ലിവർപൂളിന്. ടോട്ടനത്തെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോൽപ്പിച്ചാണ് ലിവര്‍പൂൾ കിരീടം ഉറപ്പിച്ചത്. നാല് മത്സരങ്ങൾ ശേഷിക്കേയാണ് ലിവർപൂൾ ചാമ്പ്യന്മാരാകുന്നത്. 2020നുശേഷം ലിവര്‍പൂളിന്‍റെ ആദ്യ പ്രീമിര്‍ ലീഗ് കീരിട നേട്ടമാണിത്. ഇതോടെ ലീഗിൽ 20 കീരീടമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചരിത്ര നേട്ടത്തിനൊപ്പം ലിവർപൂളുമെത്തി. 13 കിരീടങ്ങള്‍ നേടിയിട്ടുള്ള ആഴ്സണലിനും 10 കിരീടങ്ങള്‍ നേടിയിട്ടുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും ബഹുദൂരം മുന്നിലാണ് ലിവര്‍പൂളും യുണൈറ്റഡും.
ആൻഫീൽഡിൽ ചുവപ്പൻ വസന്തം തീര്‍ത്താണ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലിവർപൂൾ കിരീടത്തില്‍ മുത്തമിട്ടത്. യുർഗൻ ക്ലോപ്പ് പോയാൽ ഇംഗ്ലീഷ് കരുത്തർ തീർന്നെന്ന് കരുതിയവരുടെ കണക്കുക്കൂട്ടല് തെറ്റിച്ചാണ് അർനെ സ്ലോട്ട് ആദ്യ വരവിൽ തന്നെ കിരീടം സമ്മാനിച്ചത്. ടോട്ടനെത്തിരെ സമനില നേടിയാലും ലിവര്‍പൂളിന് കിരീടം നേടാമായിരുന്നു. എന്നാല്‍ ലൂയിസ് ഡയസ്, അലക്സിസ് മക് അലിസ്റ്റര്‍, കോഡ് ഗാക്പോ, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളും ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ സെല്‍ഫ് ഗോളും ലിവര്‍പൂളിന്‍റെ കിരീടനേട്ടം ആധികാരികമാക്കി.
ഈ സീസണിൽ കളിച്ച 34 മത്സരങ്ങളിൽ 25ലും ജയിച്ചാണ് ലിവര്‍പൂൾ കിരീടവുമായി മടങ്ങുന്നത്. രണ്ടേ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സീസണില്‍ ലിവര്‍പൂള്‍ തോല്‍വി അറിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ 15 പോയിന്‍റിന് മുന്നിലെത്തിയതോടെയാണ് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂൾ കിരീടം ഉറപ്പിച്ചത്.
ഈ സീസണില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് 80 ഗോളുകൾ ലിവര്‍പൂള്‍ അടിച്ചു കയറ്റിയപ്പോള്‍ ക്ലബിന്‍റെ ടോപ് സ്കോറർ ഇത്തവണയും മുഹമ്മദ് സലായായിരുന്നു. ഇന്നലെ ടോട്ടനെത്തിനെതിരെ നേടിയ ഗോളോടെ 185-ാം ഗോള്‍ നേടി സലാ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവം കൂടുതല്‍ ഗോള്‍ നേടുന്ന വിദേശതാരവുമായി.പ്രിമിയർ ലീഗിൽ മാത്രം 28 ഗോളുകൾ. ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ഡച്ച് പരിശീലകനെന്ന ചരിത്ര നേട്ടവും അർനെ സ്ലോട്ട് സ്വന്തമാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!