ലാ ലിഗയിൽ റാഫിഞ്ഞയുടെ ഹാട്രിക് മികവിൽ ബാഴ്‌സലോണ സെവിയ്യയെ തകർത്തു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയപ്പോൾ, ആഴ്‌സനലിന്റെ മാക്‌സ് ഡൗമാൻ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി ചരിത്രം കുറിച്ചു.
ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെവിയ്യയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ. റാഫിഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. 9, 21 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 51ആം മിനിറ്റിലുമാണ് റാഫിഞ്ഞ ഗോള്‍ നേടിയത്. ഡാനി ഓല്‍മോ, ജാവോ കാന്‍സലോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. പട്ടികയില്‍ മുന്നിലുള്ള ബാഴ്‌സലോണ, രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി ഉയര്‍ത്തി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആസ്റ്റണ്‍വില്ലയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ജയം. രണ്ടാംപകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് യുണൈറ്റഡ്. നാലാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വണ്ടര്‍ ബോയിയായി ആഴ്‌സനലിന്റെ മാക്‌സ് ഡൗമാന്‍. ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനാറുകാരനായ ഇംഗ്ലീഷ് താരം.
മനുഷ്യായുസിന്റെ 16 വര്‍ഷവും 78 ദിവസവും പിന്നിട്ടപ്പോഴൊരു ഗോള്‍. കൗമാരക്കാരന്‍ ഡൗമാന്റെ ഒറ്റയാള്‍ കുതിപ്പ് പ്രീമിയര്‍ ലീഗില്‍ ചരിത്രമായി. എവര്‍ട്ടന്‍ താരങ്ങളെ കാഴ്ചക്കാരാക്കിയ ജെന്‍സി ഗോളിനെക്കുറിച്ചാണ് ഫുട്‌ബോളിലെ ചര്‍ച്ചകളത്രയും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഗണ്ണേഴ്‌സിന്റെ ഡ്രസ്സിംഗ് റൂമില്‍ കയറാന്‍ പോലും അവകാശമില്ലാത്ത താരം. ടീം നിയമം അനുസരിച്ച് മാക്‌സ് ഡൗമിന് ഡ്രസ്സിംഗ് റൂമിലെത്തി തുണി മാറണമെങ്കില്‍ അടുത്തവര്‍ഷം ഡിസംബര്‍ 31വരെ കാത്തിരിക്കണം.
പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്‌പോള്‍ 16 തികഞ്ഞിരുന്നില്ല പ്രായം. ടീം ക്യാന്പിലെത്തുന്‌പോഴൊക്കെ മാതാപിതാക്കളുമുണ്ടാകും ഒപ്പം. പ്രായത്തില്‍ എവര്‍ട്ടണ്‍ മുന്‍ താരം ജെയിംസ് വോണിനെ മറികടന്ന് റെക്കോഡിലേക്ക് കുതിച്ച അത്ഭുത ബാലനില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ട് ഫുട്‌ബോള്‍ ലോകം.

