അര്‍ജന്റീനയ്ക്ക് ജീവവായു കൊടുത്ത ഗോള്‍; അച്ഛന്റെ സ്വപ്‌നം സാധിച്ചുകൊടുത്ത് മക് അലിസ്റ്റര്‍

By Web TeamFirst Published Dec 1, 2022, 11:58 AM IST
Highlights

മറഡോണയ്‌ക്കൊപ്പം ബൊക്ക ജൂനിയേഴ്‌സില്‍ കളിച്ച പിതാവ് കാര്‍ലോസ് മക് അലിസ്റ്ററാണ് അലിസ്റ്ററെ മൈതാനത്തെത്തിച്ചത്. മൂന്ന്  മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി കളിച്ച കാര്‍ലോസിന് 1994 ലോകകപ്പ് ടീമില്‍ ഇടംകിട്ടിയിരുന്നില്ല.

ദോഹ: ഒരച്ഛന്റെ സ്വപ്നമാണ് അലക്‌സിസ് മക് അലിസ്റ്ററിന്റെ ഗോള്‍ നേട്ടത്തില്‍ തെളിയുന്നത്. മറഡോണയ്‌ക്കൊപ്പം പന്തുതട്ടിയ കാര്‍ലോസ് മക് അലിസ്റ്ററിന്റെ മകനാണ് അലിസ്റ്റര്‍. പോളണ്ടിനെതിരെ അര്‍ജന്റീനയുടെ വിജയത്തിലേക്കുള്ള വഴി തുറന്നത് അലിസ്റ്ററുടെ ഗോളായിരുന്നു. യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനയുടെ ജീവശ്വാസം. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ കുടുംബത്തില്‍ നിന്നാണ് അലിസ്റ്റര്‍  വരുന്നത്. അച്ഛനും സഹോദരങ്ങളും ഫുട്‌ബോള്‍ താരങ്ങള്‍.

മറഡോണയ്‌ക്കൊപ്പം ബൊക്ക ജൂനിയേഴ്‌സില്‍ കളിച്ച പിതാവ് കാര്‍ലോസ് മക് അലിസ്റ്ററാണ് അലിസ്റ്ററെ മൈതാനത്തെത്തിച്ചത്. മൂന്ന്  മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി കളിച്ച കാര്‍ലോസിന് 1994 ലോകകപ്പ് ടീമില്‍ ഇടംകിട്ടിയിരുന്നില്ല. സ്വന്തം നാട്ടില്‍ പിതാവും സുഹൃത്തുക്കളും തുടങ്ങിയ ഫുട്‌ബോള്‍ അക്കാദമിയില്‍ പന്തുതട്ടിയാണ് അലിസ്റ്റര്‍ കളി പഠിച്ചത്. പിന്നാലെ അര്‍ജന്റിനോസ് ജൂനിയേഴ്‌സിന് വേണ്ടി പുറത്തെടുത്ത പ്രകടനം പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണിലെത്തിച്ചു. 

സൗദിയോടേറ്റ തോല്‍വിക്ക് പിന്നാലെ മെക്‌സിക്കോയ്‌ക്കെതിരെ അലക്‌സിസിനെ ഇറക്കിയാണ് സ്‌കലോണി ടീം ഒരുക്കിയത്. രണ്ടാം മത്സരത്തില്‍ തന്നെ പ്രതിഭയെന്തെന്ന് അലക്‌സിസ് ലോകത്തിന് കാണിച്ചു. പോളണ്ടിനെതിരെ കളിയിലെ താരമായതും മറ്റാരുമല്ല. യുവാന്‍ റോമന്‍ റിക്വല്‍മിയും പാബ്ലോ അയ്മറുമാണ് അലക്‌സിസ് മക്അലിസ്റ്ററിന്റെ ഇഷ്ടതാരങ്ങള്‍. പ്രീ ക്വാര്‍ട്ടറിലേക്ക് പോകുമ്പോള്‍ അലിസ്റ്റര്‍ സ്‌കലോണിയുടെ തന്ത്രങ്ങളില്‍ പ്രധാനിയാകുമെന്നുറപ്പ്.

എതിരിലാത്ത രണ്ട് ഗോളിനായിരന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും. 46-ാം മിനിറ്റില്‍ അലക്‌സിസിന്റെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ടാംപാതിയുടെ തുടക്കത്തില്‍. 67-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി. മെസിയും സംഘവും 71 ശതമാനവും സമയവും പന്ത് കാലിലുറപ്പിച്ചു. ഒറ്റഷോട്ടുപോലും അടിക്കാനാവാതെ പോളണ്ടിന്റെ കീഴടങ്ങല്‍. തോറ്റെങ്കിലും അര്‍ജന്റീനയ്‌ക്കൊപ്പം ഗോള്‍ ശരാശരിയില്‍ മെക്‌സിക്കോയെ മറികടന്ന് പോളണ്ടും അവസാന പതിനാറില്‍.

പിഴച്ചത് പെനാല്‍റ്റിയില്‍ മാത്രം! കളം വാണ് ലിയോണല്‍ മെസി; കൂടെ ഒരു റെക്കോര്‍ഡും

click me!