
മാഞ്ചസ്റ്റര്‍: പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗിന് കീഴില്‍ അടിമുടി ടീമിനെ ഉടച്ചുവാര്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). പോള്‍ പോഗ്ബ (Paul Pogba) യുവന്റസിലേക്ക് കൂടുമാറുമെന്നുറപ്പായി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ ആവശ്യവും യുണൈറ്റഡ് പരിഗണിക്കുന്നു. ക്രിസ്റ്റ്യാനോ അടുത്ത സീസണില്‍ ടീമിലില്ലെങ്കില്‍ പകരക്കാരനായി അര്‍ജന്റീന താരം പൗളോ ഡിബാലയെ (Paulo Dybala) കൊണ്ടുവരാനാണ് ടെന്‍ഹാഗ് ലക്ഷ്യമിടുന്നത്.
ഏഴ് വര്‍ഷം ഇറ്റാലിയന്‍ ടീം യുവന്റസിന്റെ മിന്നുംതാരമായിരുന്ന ഡിബാലയെ ടീമിലെത്തിക്കാന്‍ താരത്തിന്റെ ഏജന്റുമായി യുണൈറ്റഡ് പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചയ്ക്ക് തുടക്കമിട്ടെന്നാണ് റിപ്പോര്‍ട്ട്. യുവന്റസിനായി 293 മത്സരങ്ങളില്‍ കളിച്ച ഡിബാല 115 ഗോളുകളും 48 അസിസ്റ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് ലിയോണല്‍ മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡിബാലയ്ക്ക് പക്ഷേ അര്‍ജന്റീന ടീമില്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ല.
അര്‍ജന്റീന ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ലോകകപ്പ് വര്‍ഷത്തില്‍ മികച്ച ഒരു ക്ലബ്ബ് തന്നെയാണ് ഡിബാലയും ലക്ഷ്യമിടുന്നത്. ലീഗുകളില്‍ സ്ഥിരം കളിക്കേണ്ടതുണ്ടെന്ന് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയും നേരത്തെ പറഞ്ഞിരുന്നു. ഇരുപത്തിയെട്ടുകാരനായ ഡിബാലയെ ആഴ്‌സനലും നാപ്പോളിയും ഇന്റര്‍മിലാനുമൊക്കെ ലക്ഷ്യമിടുന്നതിനാല്‍ യുണൈറ്റഡിന് കാര്യങ്ങള്‍ എളുപ്പമാകില്ല.
സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ യുണൈറ്റഡിന്റെ പ്രകടനം എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരാശാജനകമാണ്. ബാഴ്‌സലോണയില്‍ നിന്ന് ഫ്രാങ്കി ഡിയോങ്ങിനെ ടീമിലെത്തിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!