Latest Videos

കൊവിഡ് ഇടവേളക്കുശേഷം മലപ്പുറത്ത് വീണ്ടും സെവൻസ് ഫുട്‌ബോൾ ആവേശം

By Gopala krishnanFirst Published Oct 3, 2022, 10:05 PM IST
Highlights

ഇത്തവണ 17 സെവന്‍സ് ടൂർണമെന്‍റുകൾക്കാണ് ജില്ലയില്‍ അപേക്ഷ ലഭിച്ചിട്ടുള്ളത്. ഒരു ടീമിൽ മൂന്ന് വിദേശ കളിക്കാരെ കളിപ്പിക്കാന്‍ ഈ സീസണിൽ അനുവാദമുണ്ട്. കഴിഞ്ഞ രണ്ട് വർഷവും വിദേശതാരങ്ങൾക്ക് നാട്ടിലെത്താൻ കഴിയാത്തതിനാൽ ടൂർണമെൻറുകളിൽ വിദേശതാരങ്ങൾ കുറവായിരുന്നു.

മലപ്പുറം: കൊവിഡ് കാലത്തെ ഇടവേളക്കുശേഷം മലപ്പുറം വീണ്ടും സെവൻസ് ഫുട്‌ബോൾ ആവേശത്തിലേക്ക് ഉണരുന്നു. ഇത്തവണത്തെ സെവന്‍സ് ഫുട്ബോള്‍ സീസൺ അടുത്ത മാസം ഒന്നിന് ആരംഭിക്കും. കൊവിഡ് കാലത്ത് മുടങ്ങിക്കിടന്ന സെവൻസ് ഫുട്‌ബോൾ സീസണാണ് ഇത്തവണ വീണ്ടും ആരംഭിക്കാനിരിക്കുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന സമയത്ത് സെവന്‍സ് മത്സരങ്ങളുണ്ടാവില്ല.

ഇത്തവണ 17 സെവന്‍സ് ടൂർണമെന്‍റുകൾക്കാണ് ജില്ലയില്‍ അപേക്ഷ ലഭിച്ചിട്ടുള്ളത്. ഒരു ടീമിൽ മൂന്ന് വിദേശ കളിക്കാരെ കളിപ്പിക്കാന്‍ ഈ സീസണിൽ അനുവാദമുണ്ട്. കഴിഞ്ഞ രണ്ട് വർഷവും വിദേശതാരങ്ങൾക്ക് നാട്ടിലെത്താൻ കഴിയാത്തതിനാൽ ടൂർണമെൻറുകളിൽ വിദേശതാരങ്ങൾ കുറവായിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റായ കാദറലി മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ  അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം മുതൽ എല്ലാ വർഷവും യു എ ഇയിലും അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നുണ്ട്.

ഫിഫയും പങ്കുവച്ചു; കേരളത്തെ കുറിച്ചുള്ള ഫിഫ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണം

യു എ ഇയിലെ മലപ്പുറം ഫുട്‌ബോൾ കൂട്ടായ്മയുടെ കീഴിൽ കെഫയുമായി സഹകരിച്ച് യു എ ഇയിലെ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബർ മാസം 22,23 തിയ്യതികളിൽ അജ്മാനിലെ വിന്നേഴ്‌സ് ഗ്രൗണ്ടിലും ദുബൈ ഖിസൈസിലെ സ്റ്റാർ സ്‌കൂൾ ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ടൂർണ്ണമെന്‍റിൽ നിന്നുള്ള വരുമാനം ക്ലബ്ബിന്‍റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാങ്ങാനുദ്ദേശിക്കുന്ന ആംബുലൻസിലേക്കുള്ള ഫണ്ടിലേക്ക് വിനോയോഗിക്കും. കേരളത്തിലെ കാദറലി ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് ഡിസംബർ 19ന് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റഡിയത്തിൽ നടക്കും. ടൂർണമെന്‍റിന് സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.

click me!