മൈക്കിള്‍ കാരിക്ക് പുറത്തേക്ക്? മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പൊച്ചെറ്റിനോയുമായി ചര്‍ച്ചകള്‍ തുടങ്ങി

Published : Nov 11, 2026, 06:31 PM IST
Mauricio Pochettino

Synopsis

തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കിൾ കാരിക്കിനെ മാറ്റാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. യു എസ് ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റിനോയുമായി ക്ലബ്ബ് അധികൃതർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍: തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ ജയമില്ലാതെ പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ മേഖലയിലേക്ക് വീണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മുഖ്യ പരിശീലകന്‍ മൈക്കിള്‍ കാരിക്കിനെ മാറ്റാന്‍ നീക്കം നടത്തുന്നതായി ബിബിസി അടക്കമുള്ള പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റിനോയുമായി യുണൈറ്റഡ് അധികൃതര്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സീസണ്‍ തുടക്കത്തിലൂടെ കടന്നുപോകുന്ന യുണൈറ്റഡ് നിലവില്‍ പോയിന്റ് പട്ടികയില്‍ 18-ാം സ്ഥാനത്താണ്.

ബുധനാഴ്ച മൊണാക്കോയില്‍ വെച്ച് പ്രധാന ഓഹരി ഉടമ ജിം റാറ്റ്ക്ലിഫ്, ചീഫ് എക്‌സിക്യൂട്ടീവ് ഒമര്‍ ബെറാഡ, ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ജേസണ്‍ വില്‍കോക്‌സ് എന്നിവര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗത്തില്‍ കാരിക്കിന്റെ ഭാവി തീരുമാനിക്കുമെന്നാണ് വിവരം. ബെറാഡയും വില്‍കോക്‌സും കാരിക്കിനെ പുറത്താക്കുന്നതിനോടാണ് യോജിക്കുന്നത്. സൗത്താംപ്ടണ്‍, ടോട്ടനം, ചെല്‍സി എന്നീ ടീമുകളെ പരിശീലിപ്പിച്ച് പ്രീമിയര്‍ ലീഗില്‍ മികച്ച പരിചയസമ്പത്തുള്ള പരിശീലകനാണ് അര്‍ജന്റീനക്കാരനായ പൊച്ചെറ്റിനോ.

മുന്‍പ് ജോസ് മൊറീഞ്ഞോ, എറിക് ടെന്‍ ഹാഗ്, റൂബന്‍ അമോറിം എന്നിവരെ പുറത്താക്കിയ ഘട്ടങ്ങളിലെല്ലാം യുണൈറ്റഡ് പൊച്ചെറ്റിനോയെ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസം മുന്‍പാണ് 2030 ലോകകപ്പ് വരെ യു എസ് ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹം കരാര്‍ നീട്ടിയത്. പൊച്ചെറ്റിനോയെ സ്വന്തമാക്കണമെങ്കില്‍ യു എസ് സോക്കറിന് കരാര്‍ റദ്ദാക്കല്‍ തുകയായി 10 മില്യണ്‍ ഡോളര്‍ (7.5 മില്യണ്‍ പൗണ്ട്) യുണൈറ്റഡ് നല്‍കേണ്ടിവരും. കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്ക്കെതിരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനിറ്റുകളില്‍ തിരിച്ചടിച്ച് 4-4 സമനില പിടിച്ചെങ്കിലും കാരിക്കിന്റെ സ്ഥാനത്തിന് അത് താല്‍ക്കാലിക ആശ്വാസം മാത്രമായി.

ഒക്ടോബറില്‍ ബേണ്‍മൗത്തിനോട് 3-0ന് തോറ്റപ്പോഴും, ചെല്‍സിയോട് 2-0ന് പരാജയപ്പെട്ടപ്പോഴും കാരിക് പുറത്താക്കലിന്റെ വക്കിലായിരുന്നു. ആന്റോണിയോ കോന്റെ, എഡ്ഡി ഹോവ്, ജൂലിയന്‍ നഗെല്‍സ്മാന്‍ എന്നിവരുടെയും പേരുകള്‍ പരിശീലകസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 22ന് ലിവര്‍പൂളിനെതിരെ നടക്കാനിരിക്കുന്ന ബിഗ് മാച്ചിന് മുന്‍പ് പരിശീലക കാര്യത്തില്‍ വ്യക്തത വരുത്താനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ലബ്ബിനേക്കാള്‍ വലുതല്ല ഒരു ഇതിഹാസതാരവും! റയലിന്റെ പോളിസിക്ക്‌ മുമ്പില്‍ റൊണാള്‍ഡോക്കും രക്ഷയില്ല
'കുകുറേയയെ മലര്‍ത്തിയടിച്ച്‌ അടുത്ത കളിയില്‍ ബെഞ്ചിലിരുത്തും'; യമാലിന്റെ വെല്ലുവിളി ബൂമറാംഗായി മാറി ! കുകുറേയ ആള്‌ ചില്ലറക്കാരനല്ല