സ്‌പോര്‍ട്ടിംഗ്‌, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, യുവെന്റസ്‌ എന്നീ മുന്‍ ക്ലബ്ബുകളും ഫിഫ, യുവേഫ തുടങ്ങിയ ഫുട്‌ബോള്‍ സംഘടനകളും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്‌ക്ക്‌ പരസ്യമായി ആശംസകളും ആദരവും അര്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡ്‌ ഔദ്യോഗികമായി ഒരു വരിപോലും മുന്‍ താരത്തെ കുറിച്ച്‌ എഴുതിയില്ല.

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തന്റെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിന്‌ ശേഷം അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ്‌ തുടര്‍ന്നു പോരുന്ന മൗനം ഏവരെയും അതിശയിപ്പിച്ചു. സ്‌പോര്‍ട്ടിംഗ്‌, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, യുവെന്റസ്‌ എന്നീ മുന്‍ ക്ലബ്ബുകളും ഫിഫ, യുവേഫ തുടങ്ങിയ ഫുട്‌ബോള്‍ സംഘടനകളും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്‌ക്ക്‌ പരസ്യമായി ആശംസകളും ആദരവും അര്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡ്‌ ഔദ്യോഗികമായി ഒരു വരിപോലും മുന്‍ താരത്തെ കുറിച്ച്‌ എഴുതിയില്ല.

ഒന്നോര്‍ക്കണം, റയല്‍ മാഡ്രിഡ്‌ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനാണ്‌ പോര്‍ച്ചുഗീസ്‌ താരം. 438 മത്സരങ്ങളില്‍ നിന്ന്‌ 450 ഗോളുകളാണ്‌ മാഡ്രിഡ്‌ ക്ലബ്ബിന്‌ വേണ്ടി ക്രിസ്‌റ്റിയാനോ അടിച്ചുകൂട്ടിയത്‌. എന്തുകൊണ്ടായിരിക്കും റയല്‍ മാഡ്രിഡ്‌ ക്ലബ്ബും അധികൃതരും ക്ലബ്ബിന്റെ ഇതിഹാസ താരത്തെ ഗൗനിക്കാതിരുന്നത്‌. പ്രധാനമായും റയല്‍ മാഡ്രിഡ്‌ അവരുടെ കളിക്കാരുടെ കാര്യത്തില്‍ പുലര്‍ത്തിപ്പോരുന്ന നയമാണ്‌ അതിന്‌ കാരണം. ഒരു കളിക്കാരനും ക്ലബ്ബിനേക്കാള്‍ വലുതല്ല എന്ന നയം റയല്‍മാഡ്രിഡ്‌ എക്കാലവും മുറുകെപ്പിടിക്കുന്നുണ്ട്‌. റൗള്‍ ഗോണ്‍സാലസ്‌, ഐകര്‍ കസിയസ്‌ എന്നീ ഇതിഹാസ താരങ്ങള്‍ക്ക്‌ വേണ്ട വിധത്തിലുള്ള യാത്രയപ്പ്‌ നല്‍കാന്‍ റയല്‍ മാഡ്രിഡ്‌ തയ്യാറാകാഞ്ഞതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 16 വര്‍ഷം റയല്‍ മാഡ്രിഡിന്റെ മുഖമായിരുന്ന, ക്ലബ്ബിനായി 323 ഗോളുകള്‍നേടിയ ക്യാപ്‌റ്റന്‍ റൗളിന്‌ വലിയൊരു സ്റ്റേഡിയത്തില്‍ വിരമിക്കല്‍ മത്സരം സംഘടിപ്പിച്ചിട്ട്‌ ആദരവ്‌ നല്‍കാന്‍ റയല്‍ മാഡ്രിഡ്‌ അധികൃതര്‍ തുനിഞ്ഞിരുന്നില്ല. ഒരു ചെറിയ ഹാളില്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വെച്ചായിരുന്നു റൗളിന്റെ വിടവാങ്ങല്‍ പ്രഖ്യാപനം.

2015 ല്‍ ഐകര്‍ കസിയസ്‌ ക്ലബ്ബ്‌ വിടുമ്പോള്‍ പത്രസമ്മേളനത്തില്‍ ഭാരവാഹികളോ പ്രസിഡന്റോ ആരും തന്നെ പങ്കെടുത്തിരുന്നില്ല. ഒറ്റയ്‌ക്കിരുന്ന്‌ ഒരു കത്ത്‌ വായിച്ചാണ്‌ കസിയസ്‌ കണ്ണീരോടെ വിടപറഞ്ഞത്‌. ഇതിനെതിരെ വലിയ വിമര്‍ശനം ക്ലബ്ബ്‌ നേരിട്ടതോടെ, തൊട്ടടുത്ത ദിവസം ട്രോഫികള്‍ അണിനിരത്തി ആരാധകരെ ആശ്വസിപ്പിക്കാന്‍ കസിയസിനൊരു വിടപറയല്‍ ചടങ്ങ്‌ റയലിന്‌ സംഘടിപ്പിക്കേണ്ടി വന്നിരുന്നു. റയല്‍ മാഡ്രിഡ്‌ ക്ലബ്ബ്‌ എല്ലാം വാണിജ്യപരമായിട്ട്‌ മാത്രമേ കാണാറുള്ളൂ. എത്ര വലിയ ഇതിഹാസ താരങ്ങളായാലും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ യാത്രയയപ്പുകള്‍ നല്‍കുന്നതിനേക്കാള്‍ അവര്‍ക്ക്‌ പ്രധാനം ക്ലബ്ബിന്റെ അടുത്ത ബിസിനസ്‌ പ്ലാനുകളിലേക്ക്‌ പ്രവേശിക്കുക എന്നതാണ്‌. വിടപറയുന്നവര്‍ക്ക്‌ പകരം നില്‍ക്കാന്‍ പോന്നവരെ കണ്ടെത്തി ആഘോഷമായി അവതരിപ്പിക്കുന്നതിലൂടെയാണ്‌ റയല്‍ മാഡ്രിഡ്‌ ആരാധകരെയും അവരുടെ ആഗോള ബിസിനസ്‌ സാമ്രാജ്യത്തെയും നിലനിര്‍ത്തിപ്പോരുന്നത്‌. ക്രിസ്‌റ്റിയാനോയുടെ കാര്യത്തിലും അത്‌ തന്നെയാണ്‌ സംഭവിച്ചത്‌. മാത്രമല്ല, റയല്‍ മാഡ്രിഡ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ഫ്‌ളോറന്റീനോ പെരസുമായുള്ള അഭിപ്രായ ഭിന്നതയും ക്രിസ്റ്റ്യാനോയെയും റയലിനെയും അകറ്റിയിട്ടുണ്ട്‌.

2017-18 കാലയളവില്‍ ബാഴ്‌സലോണയില്‍ ലയണല്‍ മെസിക്കും പി എസ്‌ ജിയില്‍ നെയ്‌മറിനും ലഭിച്ചിരുന്ന വേതനത്തിന്‌ തുല്യമായ കരാര്‍ തനിക്കും നല്‍കണമെന്ന്‌ റൊണാള്‍ഡോ പെരസിനോടും ക്ലബ്ബ്‌ മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ക്ലബ്ബ്‌ മാനേജ്‌മെന്റ്‌ പാടേ അവഗണിച്ചു. സ്‌പെയ്‌നിലെ നികുതിവെട്ടിപ്പ്‌ കേസുകളുമായി ബന്ധപ്പെട്ട്‌ റൊണാള്‍ഡോ നിയമനടപടികള്‍ നേരിട്ടപ്പോള്‍, ബാഴ്‌സലോണ മെസിക്ക്‌ നല്‍കിയതുപോലെയുള്ള പരസ്യമായ പിന്തുണയും സംരക്ഷണവും റയല്‍ മാഡ്രിഡ്‌ റൊണാള്‍ഡോയ്‌ക്ക്‌ നല്‍കിയിരുന്നില്ല. ഇതില്‍ താരം പരിഭവം രേഖപ്പെടുത്തിയിരുന്നു. ഈ അകല്‍ച്ചയാകണം റൊണാള്‍ഡോ ക്ലബ്ബ്‌ വിട്ടതിന്‌ ശേഷം റയലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ താരത്തെ അണ്‍ഫോളോ ചെയ്‌തിരുന്നു.

ക്ലബ്ബിന്റെ ചരിത്ര നിമിഷങ്ങള്‍ റയല്‍ മാഡ്രിഡ്‌ ടിവിയില്‍ ഡോക്യുമെന്ററിയായി കാണിക്കുമ്പോള്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഗോളുകളും ദൃശ്യങ്ങളും വേണ്ടത്ര പ്രാധാന്യത്തോടെ കാണിക്കാറില്ലെന്ന വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. അതിന്റെയൊക്കെ ഒരു തുടര്‍ച്ച മാത്രമാണ്‌, ക്രിസ്‌റ്റിയാനോ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചപ്പോഴും റയല്‍മാഡ്രിഡിന്റെ ഭാഗത്ത്‌ നിന്നുണ്ടായ നിര്‍വികാരതയും നിസംഗതയും...

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK