യൂറോപ്പ ലീഗ്: മാഞ്ചസ്റ്ററും ഇന്റര്‍ മിലാനും ക്വാര്‍ട്ടറില്‍

By Web TeamFirst Published Aug 6, 2020, 9:13 AM IST
Highlights

മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍ മിലാനും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഓസ്ട്രിയന്‍ ക്ലബ്ബ് ലാസ്‌കിനെ ഇരുപാദങ്ങളിലുമായി തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ അവസാന എട്ടിലെത്തിയത്.

മിലാന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍ മിലാനും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഓസ്ട്രിയന്‍ ക്ലബ്ബ് ലാസ്‌കിനെ ഇരുപാദങ്ങളിലുമായി തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ അവസാന എട്ടിലെത്തിയത്. മുന്‍ ഇറ്റാലിയന്‍ ചാംപ്യന്മാരായ ഇന്റര്‍ എതിരില്ലാത്ത രണ്ട് ഗോളിന് സ്പാനിഷ് ക്ലബ് ഗെറ്റാഫയെ മറികടന്നു. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ കോപ്പന്‍ഹേഗനെ നേരിടും.

ഇരുപാദങ്ങളിലുമായി 7-1ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. ആദ്യ പാദത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനും മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ജെസ്സെ ലിംഗാര്‍ഡ്, അന്തോണി മാര്‍ഷ്യല്‍ എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ഗോള്‍ നേടിയത്. ഫിലിപ്പ് വീസിംഗര്‍ ലാസ്‌ക്കിന്റെ ആശ്വാസഗോള്‍ നേടി.

ഇന്റര്‍- ഗെറ്റാഫെ മത്സരം ഏകപാദമായിരുന്നു. ജര്‍മനിയില്‍ നടന്ന മത്സരത്തില്‍ റൊമേലു ലുകാകു, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എന്നിവരാണ് ഇന്ററിന്റെ ഗോളുകള്‍ നേടിയത്. നേരത്തെ ഗെറ്റാഫെയ്ക്ക് ലഭിച്ച പെനാല്‍റ്റി ജോര്‍ജെ മൊളിന നഷ്ടമാക്കിയിരുന്നു.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ബയേര്‍ ലെവര്‍ക്യൂസന്‍ റേഞ്ചേഴ്‌സിനേയും സെവിയ്യ റോമയേയും നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ എഫ്‌സി ബേസല്‍ ഇന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനേയും വോള്‍വ്‌സ് ഗ്രീക്ക് ചാംപ്യന്മാരായ ഒളിംപിയാക്കോസിനെ നേരിടും.

click me!