മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു

By Web TeamFirst Published Sep 19, 2021, 10:11 AM IST
Highlights

സാദിയോ മാനേ, മുഹമ്മദ് സലാ, നബി കെയ്റ്റ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. ഇടവേളയ്ക്ക് തൊട്ടുമുന്‍പായിരുന്നു മാനേ സ്‌കോറിംഗിന് തുടക്കമിട്ടത്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. അഞ്ചാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. സാദിയോ മാനേ, മുഹമ്മദ് സലാ, നബി കെയ്റ്റ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. ഇടവേളയ്ക്ക് തൊട്ടുമുന്‍പായിരുന്നു മാനേ സ്‌കോറിംഗിന് തുടക്കമിട്ടത്. 

ലിവര്‍പൂളിനായി മാനേയുടെ നൂറാം ഗോളായിരുന്നു ഇത്. എഴുപത്തിയെട്ടാം മിനിറ്റില്‍ സലായും കളിതീരാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ കെയ്റ്റയും ലിവര്‍പൂളിന്റെ ജയം പൂര്‍ത്തിയാക്കി. അഞ്ച് കളിയില്‍ 12 ഗോള്‍ നേടിയ ലിവര്‍പൂള്‍ ഇതുവരെ ഒറ്റഗോള്‍ മാത്രമാണ് വഴങ്ങിയത്. 13 പോയിന്റുള്ള ലിവര്‍പൂളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.

അതേസമയം, നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു. ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.  10 പോയിന്റുള്ള സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു. മുപ്പതാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡാണ് നിര്‍ണായക ഗോള്‍നേടിയത്. മറ്റൊരു മത്സരത്തില്‍ ആസ്റ്റന്‍ വില്ല എതിരില്ലാത്ത മൂന്ന് ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു.

ബയേണിന്റെ ഗോള്‍വര്‍ഷം

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍വര്‍ഷം. എതിരില്ലാത്ത ഏഴ് ഗോളിന് ബോഷമിനെ തകര്‍ത്തു. ജയത്തോടെ ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇടവേളയില്‍ ബയേണ്‍ നാല് ഗോളിന് മുന്നിലായിരുന്നു. ജോഷ്വാ കിമ്മിച്ച് രണ്ട് ഗോള്‍ നേടി. ലിറോയ് സാനേ, സെര്‍ജി ഗ്‌നാബ്രി, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, എറിക് മാക്‌സിം ചൗപ്പോ മോട്ടിംഗ് എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. ബോഷം താരത്തിന്റെ സെല്‍ഫ് ഗോള്‍കൂടിയായപ്പോള്‍ ബയേണിന്റെ ജയം പൂര്‍ത്തിയായി. 

സീരി എയില്‍ ഇന്ററിനും ജയം

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ ജയം. നിലവിലെ ചാംപ്യന്മാരായ ഇന്റര്‍ ആറ് ഗോളിന് ബൊളോഗ്‌നയെ തകര്‍ത്തു. എഡിന്‍ സേക്കോയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ഇന്ററിന്റെ തകര്‍പ്പന്‍ ജയം. ആറാം മിനിറ്റില്‍ ലൗറ്ററോ മാര്‍ട്ടിനസ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. മിലന്‍ സ്‌ക്രിനിയര്‍, നിക്കോള ബരെല്ല, മത്യാസ് വെസിനോ എന്നിവരാണ് ഇന്ററിന്റെ മറ്റ് സ്‌കോറര്‍മാര്‍.
 

click me!