
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (Manchester United) പരിശീലകന്‍ എറിക് ടെന്‍ ഹാഗ് (Erik Ten Hag). താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. സീസണില്‍ റൊണാള്‍ഡോ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ടെന്‍ ഹാഗ് വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെന്‍ ഹാഗിന്റെ വിശദീകരണമിങ്ങനെ... ''റൊണാള്‍ഡോയെ വില്‍ക്കുന്ന കാര്യം തന്നെ ചിന്തയില്‍ ഇല്ല. എന്റെ ടീമില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ടീം വിടുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ട് പോലുമില്ല. റൊണാള്‍ഡോ ടീം വിടുമെന്ന തരത്തിലുളള വാര്‍ത്തകള്‍ കണ്ടു. എന്നാല്‍ ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണ്.'' ടെന്‍ ഹാഗ് പറഞ്ഞുനിര്‍ത്തി.
നേരത്തെ, ക്രിസ്റ്റ്യാനോയ്ക്ക് പകരം പൗളോ ഡിബാല മാഞ്ചസ്റ്ററിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഏഴ് വര്‍ഷം ഇറ്റാലിയന്‍ ടീം യുവന്റസിന്റെ മിന്നുംതാരമായിരുന്ന ഡിബാലയെ ടീമിലെത്തിക്കാന്‍ താരത്തിന്റെ ഏജന്റുമായി യുണൈറ്റഡ് പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചയ്ക്ക് തുടക്കമിട്ടെന്നാണ് റിപ്പോര്‍ട്ട്. യുവന്റസിനായി 293 മത്സരങ്ങളില്‍ കളിച്ച ഡിബാല 115 ഗോളുകളും 48 അസിസ്റ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് ലിയോണല്‍ മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡിബാലയ്ക്ക് പക്ഷേ അര്‍ജന്റീന ടീമില്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ല.
സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ യുണൈറ്റഡിന്റെ പ്രകടനം എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരാശാജനകമാണ്. ബാഴ്സലോണയില്‍ നിന്ന് ഫ്രാങ്കി ഡിയോങ്ങിനെ ടീമിലെത്തിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!