ഇഎഫ്എല്‍ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്നിറങ്ങും, മെസി കളിച്ചേക്കും

By Web TeamFirst Published Jan 11, 2023, 9:56 AM IST
Highlights

ഫ്രഞ്ച് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ പിഎസ്ജി ഇന്നിറങ്ങും. ഏന്‍ഗേഴ്‌സാണ് എതിരാളികള്‍. രാത്രി ഒന്നരയ്ക്ക് പാരീസിലാണ് മത്സരം. ലോകകപ്പിന് ശേഷം ലിയോണല്‍ മെസി പാരീസില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരമാണിത്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇഎഫ്എല്‍ കപ്പ് സെമിയില്‍. ചാള്‍ട്ടന്‍ അത്‌ലറ്റിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോളുകള്‍ നേടി. 90, 94 മിനുറ്റുകളിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോളുകള്‍. 21ആം മിനുറ്റില്‍ ആന്റണിയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ന്യുകാസിലും സെമിയില്‍ കടന്നു. സെമി പ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും. സതാംപ്റ്റനാണ് സിറ്റിയുടെ എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ നോട്ടിങ്ഹാം ഫോറസ്റ്റ്, വോള്‍വ്‌സിനെ നേരിടും. 

സ്പാനിഷ് കപ്പില്‍ എല്‍ ക്ലാസിക്കോ?

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുന്നു. ഫൈനല്‍ പ്രതീക്ഷയുമായി റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. വലന്‍സിയയാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടരയ്ക്ക് റയല്‍ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. നാളെ സൂപ്പര്‍കപ്പ് സെമിയില്‍ ബാഴ്‌സലോണ എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ നേരിടും. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാമതും റയല്‍ രണ്ടാം സ്ഥാനത്തുമാണ്.

പിഎസ്ജി ഇന്നിറങ്ങും

ഫ്രഞ്ച് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ പിഎസ്ജി ഇന്നിറങ്ങും. ഏന്‍ഗേഴ്‌സാണ് എതിരാളികള്‍. രാത്രി ഒന്നരയ്ക്ക് പാരീസിലാണ് മത്സരം. ലോകകപ്പിന് ശേഷം ലിയോണല്‍ മെസി പാരീസില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരമാണിത്. മെസി കളിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നെയ്മറും ആദ്യ ഇലവനില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ കിലിയന്‍ എംബാപ്പെ ഇന്ന് കളിക്കില്ല. 17 മത്സരങ്ങളില്‍ 44 പോയിന്റുമായി പിഎസ്ജിയാണ് ലീഗില്‍ മുന്നിലുള്ളത്. എതിരാളികള്‍ അവസാന സ്ഥാനത്താണ്. മെസിക്ക് പ്രത്യേക സ്വീകരണം പിഎസ്ജി ഒരുക്കില്ലെന്നാണ് സൂചന. നേരത്തെ പരിശീലനത്തിനെത്തിയപ്പോള്‍ സഹതാരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ചേര്‍ന്ന് മെസ്സിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.

ഷനകയെ റണ്ണൗട്ടാക്കാനുള്ള ഷമിയുടെ അപ്പീല്‍ പിന്‍വലിപ്പിച്ചു; ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവര്‍ന്ന് രോഹിത് ശര്‍മ

click me!