മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ തുടര്‍തോല്‍വികള്‍; ആരാധകരോട് മാപ്പ് ചോദിച്ച് സോള്‍ഷെയര്‍

By Web TeamFirst Published Oct 8, 2019, 11:10 AM IST
Highlights

സോള്‍ഷെയറിനെ യുണൈറ്റഡ് പുറത്താക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് പ്രതികരണം
 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലേ സോള്‍ഷെയറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തി സോള്‍ഷെയര്‍. സീസണില്‍ ആദ്യ ആറ് സ്ഥാനങ്ങളിലെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രയാസപ്പെടുമെന്നാണ് പരിശീലകന്‍ സോള്‍ഷെയര്‍ പറയുന്നത്. 

'മത്സരഫലങ്ങള്‍ നിരാശരാക്കുന്നു. എല്ലാവരുടെയും ആത്മവിശ്വാസം അത് തകര്‍ത്തിരിക്കുന്നു. മത്സരങ്ങള്‍ ജയിക്കാത്തതില്‍ ആരാധകരോട് മാപ്പ് ചോദിക്കുകയാണ്. ആദ്യ നാലില്‍ എത്താന്‍ അതിസങ്കീര്‍ണമായ ജോലിയാണ് മുന്നിലുള്ളത്. ആദ്യ ആറ് സ്ഥാനങ്ങള്‍ തന്നെ പരിഗണിക്കേണ്ടതില്ല. എല്ലാ മത്സരങ്ങളും ജയിക്കാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ മത്സരങ്ങള്‍ ജയിക്കാനാവുന്നില്ല, പ്രത്യേകിച്ച് എവേ മത്സരങ്ങളില്‍'- സോള്‍ഷെയര്‍ വ്യക്തമാക്കി. 

ന്യൂകാസിലിനോടും തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ 15 പോയിന്‍റ് പിന്നിൽ. പോഗ്‌ബയും മാര്‍ഷ്യലും ലിംഗാര്‍ഡും പരിക്കേറ്റ് പുറത്താണെന്ന ന്യായീകരണമൊന്നും ആരാധകര്‍ അംഗീകരിക്കില്ലെന്ന് ഒലേ സോള്‍ഷെയറും സമ്മതിക്കുന്നു.

പോയിന്‍റ് പട്ടികയിൽ ഏറെ പിന്നിലായിക്കഴിഞ്ഞ യുണൈറ്റഡ് യൂറോപ്പാ ലീഗില്‍ കളിക്കുമോയെന്ന് പോലും പരിശീലകന് സംശയമാണ്. ബദ്ധവൈരികളായ ലിവര്‍പൂളിനെയാണ് ഇനി യുണൈറ്റഡിന് നേരിടാനുള്ളത്. ഈ മാസം 20നാണ് ഈ അഭിമാനപ്പോരാട്ടം.

click me!