Ralf Rangnick : ആറ് മാസത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ തയ്യാര്‍: റാങ്നിക്ക്

By Web TeamFirst Published Dec 4, 2021, 12:19 PM IST
Highlights

രാവിലെ ഒമ്പത് മണിക്ക് ഒരു വാര്‍ത്താസമ്മേളനവും നടത്തിയിട്ടില്ലെന്ന ആമുഖത്തോടെയാണ് റാൽഫ് റാങ്നിക്ക് മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്

ഓള്‍ഡ് ട്രഫോര്‍ഡ്: ആറ് മാസത്തിന് ശേഷവും ഇംഗ്ലീഷ് ക്ലബ് (EPL) മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് (Manchester United) പരിശീലക സ്ഥാനത്ത് തുടരാന്‍ തയ്യാറെന്ന് പുതുതായി ചുമതലയേറ്റ റാൽഫ് റാങ്നിക്ക് (Ralf Rangnick). ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) മാത്രമല്ല ടീമെന്ന നിലയിൽ എല്ലാ താരങ്ങളും എങ്ങനെ മെച്ചപ്പെടുന്നു എന്നതിലാണ് ശ്രദ്ധയെന്നും ഇടക്കാല പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിൽ റാങ്നിക്ക് പറഞ്ഞു. 

രാവിലെ ഒമ്പത് മണിക്ക് ഒരു വാര്‍ത്താസമ്മേളനവും നടത്തിയിട്ടില്ലെന്ന ആമുഖത്തോടെയാണ് റാൽഫ് റാങ്നിക്ക് മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്. യുണൈറ്റഡിനേക്കാള്‍ നാല് സ്ഥാനം മാത്രം താഴെയുളള ക്രിസ്റ്റല്‍ പാലസിനെതിരെ നാളെ സ്വന്തം തട്ടകത്തിലാണ് യുണൈറ്റഡിന്‍റെ അടുത്ത മത്സരം. 

'സീസണിന് അവസാനത്തെ നാല് മാസങ്ങളിലേക്ക് മാത്രമായി സമീപിച്ചതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ചെൽസിയുടെ ഓഫര്‍ തള്ളിയത്. മാഞ്ചസറ്റര്‍ യുണൈറ്റഡ് ആറ് മാസത്തെ ചുമതല മാത്രമേ നൽകിയിട്ടുള്ളൂവെന്ന് അറിയാമെങ്കിലും കരാര്‍ നീട്ടണമെന്ന് ക്ലബ്ബ് തന്നോട് ആവശ്യപ്പെട്ടാൽ പരിഗണിക്കും' എന്ന് റാങ്നി‌ക്ക് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൈകാര്യം ചെയ്യുന്നത് യുണൈറ്റഡ് പരിശീലകര്‍ക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകള്‍ക്ക് ആഴ്സനലിനെതിരെ സൂപ്പര്‍താരത്തിന്‍റെ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. 36-ാം വയസില്‍ ഇത്രയും ശാരീരികക്ഷമത പുലര്‍ത്തുന്ന മറ്റൊരു കളിക്കാരനെയും കണ്ടിട്ടില്ലെന്ന് റാങ്നി‌ക്ക് കൂട്ടിച്ചേര്‍ത്തു. 

പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റാൽഫ് റാങ്നിക്കിന്‍റെ നിയമനം. ഈ സീസൺ അവസാനിക്കും വരേയാണ് റാങ്നിക്കിന്‍റെ കരാർ. കരാർ അവസാനിച്ച ശേഷം അടുത്ത രണ്ട് സീസണിൽ യുണൈറ്റഡിന്‍റെ ഉപദേഷ്ടാവായും പ്രവർത്തിക്കാമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ലോകോമോട്ടീവ് മോസ്കോയിൽ നിന്നാണ് ജര്‍മന്‍കാരനായ റാൽഫ് റാങ്നിക്ക് യുണൈറ്റഡിൽ എത്തിയത്. 1980കളുടെ തുടക്കത്തില്‍ പരിശീലക കരിയര്‍ തുടങ്ങിയ റാങ്നിക്ക് പ്രസ്സിംഗ് ഫുട്ബോളിന്‍റെ ആശാനായാണ് അറിയപ്പെടുന്നത്.

ISL : ഐഎസ്എല്ലില്‍ ഇന്ന് ഇരട്ട പോരാട്ടം; രാത്രി ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍
 

click me!