രണ്ട് കളിയിൽ ആറ് പോയിന്‍റുള്ള മുംബൈ രണ്ടാമതും മൂന്ന് കളിയിൽ നാല് പോയിന്‍റുള്ള ബിഎഫ്‌സി ഏഴാം സ്ഥാനത്തുമാണ്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഇന്ന് രണ്ട് മത്സരങ്ങള്‍. രാത്രി 7:30ന് എഫ്‌സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (NorthEast United vs FC Goa) നേരിടും. സീസണിലെ അവസാന സ്ഥാനക്കാരാണ് നേര്‍ക്കുനേര്‍ വരുന്നത്. മൂന്ന് കളിയിൽ നോര്‍ത്ത് ഈസ്റ്റിന് ഒരു പോയിന്‍റ് മാത്രമുള്ളപ്പോള്‍ ഗോവ രണ്ട് കളിയും തോറ്റു. രാത്രി 9.30ന് മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയെ (Bengaluru Fc vs Mumbai City Fc) നേരിടും.

രണ്ട് കളിയിൽ ആറ് പോയിന്‍റുള്ള മുംബൈ രണ്ടാമതും മൂന്ന് കളിയിൽ നാല് പോയിന്‍റുള്ള ബിഎഫ്‌സി ഏഴാം സ്ഥാനത്തുമാണ്. ഇന്ന് സമനില ആയാലും മുംബൈക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.

Scroll to load tweet…

ഈസ്റ്റ് ബംഗാളിന് കാത്തിരിപ്പ്

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ്‌സി- ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഗോള്‍ നേടിയില്ല. ഇതോടെ ലീഗില്‍ ആദ്യ ജയത്തിനായുള്ള ഈസ്റ്റ് ബംഗാളിന്‍റെ കാത്തിരിപ്പ് നീളുകയാണ്. 318 ദിവസത്തിന് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു മത്സരത്തിൽ ഗോള്‍ വഴങ്ങാത്തത്. മത്സരത്തിൽ ആധിപത്യം പുലര്‍ത്തിയിട്ടും ഗോൾ കണ്ടെത്താന്‍ ചെന്നൈയിന് കഴി‌ഞ്ഞില്ല. ഏഴ് പോയിന്‍റുമായി ചെന്നൈയിന്‍ ആണ് ലീഗില്‍ ഒന്നാമത്. രണ്ട് പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ഒന്‍പതാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്‌സിന് നാളെ മത്സരം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ മത്സരമുണ്ട്. സീസണിലെ നാലാം മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് എതിരാളികള്‍. രാത്രി 7.30നാണ് മത്സരം. രണ്ട് കളിയും ജയിച്ച ഒഡിഷ മികച്ച ഫോമിലാണ്. മൂന്ന് കളിയിൽ ഒരു തോൽവിയും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ടിലുള്ളത്. 

BCCI AGM : വൈകുമോ ദക്ഷിണാഫ്രിക്കന്‍ പര്യടനം? ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന്; ഐപിഎല്‍ താരലേലവും ചര്‍ച്ചയാവും