
മാഞ്ചസ്റ്റര്‍: ക്ലബ് വിടണമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) ആവശ്യം തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). മാനേജ്‌മെന്റിന് കിരീടം നേടണമെന്ന ആത്മാര്‍ത്ഥയില്ലെന്ന് തുറന്നടിച്ചാണ് റൊണാള്‍ഡോ ക്ലബ് വിടണമെന്ന ആവശ്യമുന്നയിച്ചത്. കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിത്. വിവിധ ടൂര്‍ണമെന്റുകളില്‍ നിന്നായി 24 ഗോളടിച്ച് സീസണ്‍ മോശമാക്കിയതുമില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയമായിരുന്നു.
കിരീടമില്ലാത്ത ഒരു സീസണ്‍കൂടി അവസാനിച്ചതിനൊപ്പം ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ പോലുമായില്ല. എന്നിട്ടും പാഠം പഠിച്ചില്ല. പുതിയ സീസണിനായി എതിരാളികള്‍ മിന്നും താരങ്ങളെ കൂടാരത്തിലെത്തിച്ചപ്പോള്‍ യുണൈറ്റഡ് അനങ്ങിയിട്ടില്ല. ഇതാണ് റൊണാള്‍ഡോയെ കൂടുതല്‍ ചൊടിപ്പിച്ചത്. കിരീടം നേടാന്‍ ക്ലബിന് ആത്മര്‍ത്ഥയില്ലെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ് വിടണമെന്ന പറഞ്ഞ റൊണാള്‍ഡോ പുതിയ ടീം നോക്കാന്‍ ഏജന്റിനോട് അവശ്യപ്പെടുകയും ചെയ്തു.
റോമയും ബയേണ്‍ മ്യൂനിക്കുമൊക്കെയാണ് റൊണാള്‍ഡോയുടെ മനസ്സില്‍. ചെല്‍സിയുമായി ഏജന്റ് ജോര്‍ജ് മെന്‍ഡസ് സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ ആവശ്യം ക്ലബ് തള്ളിയിരിക്കുകയാണ്. താരത്തിനെ വില്‍ക്കില്ലെന്നും പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് റൊണാള്‍ഡോ ടീമില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. എന്തായാലും കാത്തിരിക്കാം. പുതിയ വെല്ലുവിളികള്‍ക്കായി റൊണാള്‍ഡോ ടീം വിടുമോ അതോ യുണൈറ്റഡിന്റെ വെല്ലുവിളികള്‍ തീര്‍ക്കാന്‍ തുടരുമോ എന്നത് കണ്ടറിയണം.
ക്ലബ് വിടാനുള്ള ആഗ്രഹം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അധികൃതരുമായി ക്രിസ്റ്റ്യാനോ ചര്‍ച്ച ചെയ്തിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണമെന്ന് ക്രിസ്റ്റിയാനോ ക്ലബിന് മുന്നില്‍ വെക്കുകയായിരുന്നു. മാഞ്ചസ്റ്ററിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാനായില്ലെന്നുള്ളതാണ് ക്രിസ്റ്റിയാനോയുടെ പ്രധാന പ്രശ്നം. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏതെങ്കില്‍ ക്ലബിലേക്ക് മാറാനാണ് ക്രിസ്റ്റ്യാനോ ലക്ഷ്യമിടുന്നത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയുള്ള ക്രിസ്റ്റിയാനോ കഴിഞ്ഞ സീസണില്‍ 24 ഗോള്‍ നേടിയിരുന്നു. ചെല്‍സി, നാപോളി എന്നീ ക്ലബുകള്‍ താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബയേണ്‍, ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോകുന്നില്ലെന്നും വാര്‍ത്തകള്‍ വന്നു. മാഞ്ചസ്റ്ററിലെത്തുന്നിന് മുമ്പ് യുവന്റസില്‍ മൂന്ന് സീസണ്‍ കളിച്ചെങ്കിലും ഒരിക്കല്‍ പോലും ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്താന്‍ ക്രിസ്റ്റ്യാനോയ്ക്കായില്ല.