പെനാല്‍റ്റി കിക്കെടുക്കാന്‍ ആത്മവിശ്വാസമില്ലായിരുന്നു; ആരാധകരോട് മാപ്പ് പറഞ്ഞ് റാഷ്‌ഫോര്‍ഡ്

By Web TeamFirst Published Jul 13, 2021, 4:06 PM IST
Highlights

വംശീയാധിക്ഷേപവും താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് റാഷ്‌ഫോര്‍ഡ്. സോഷ്യല്‍ മീഡിയയിലാണ് താരം ക്ഷമ ചോദിച്ചെത്തിയത്.

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി പാഴാക്കിയ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മൂന്ന് പേരില്‍ ഒരാള്‍ മാര്‍കസ് റാഷ്‌ഫോര്‍ഡായിരുന്നു. വംശീയാധിക്ഷേപവും താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് റാഷ്‌ഫോര്‍ഡ്. സോഷ്യല്‍ മീഡിയയിലാണ് താരം ക്ഷമ ചോദിച്ചെത്തിയത്. മാത്രമല്ല, വംശീധിക്ഷേപങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിട്ടുമുണ്ട്.

യൂറോ 2020ല്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞാണ് റാഷ്‌ഫോര്‍ഡ് തുടങ്ങിയത്. ''ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിയുമ്പോള്‍ അഭിമാനം മാത്രമാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ ഞാനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനപ്രയാസം നിങ്ങള്‍ക്ക് മനസിലാവില്ല. വളരെ ബുദ്ധിമുട്ടേറിയ സീസണായിരുന്നു എനിക്ക്.  ഞാന്‍ പെനാല്‍റ്റി കിക്കെടുക്കാനെത്തിയത് ആത്മവിശ്വാസത്തോടെ ആയിരുന്നില്ല. അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും. പെനാല്‍റ്റി സ്‌പോട്ടിലെത്തിയപ്പോള്‍ മുമ്പൊന്നും അനുഭവിക്കാത്ത പ്രയാസം ഞാനനുഭവിച്ചു. മയക്കതത്തിലാണെങ്കില്‍ പോലും എനിക്ക് പെനാല്‍റ്റി ഗോളാക്കാന്‍ സാധിക്കും.

ഞാന്‍ ലക്ഷ്യം കണ്ടിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ജയിക്കാമായിരുന്നു. 55 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് കിരീടത്തിലൂടെ വിരാമമിടാന്‍ എനിക്കായില്ല. മാപ്പ് എന്ന് മാത്രമേ എനിക്ക് പറയാനാവു. എന്റെ പെനാല്‍റ്റി മോശമായി. അത് ഗോള്‍വലയ്ക്കുള്ളില്‍ എത്തണമായിരുന്നു. വേദനയിലും ചേര്‍ത്തുപിടിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവരെല്ലാം എനിക്കൊപ്പമുണ്ടാവുമെന്നാണ് വിശ്വാസം. ഞാന്‍ റാഷ്‌ഫോര്‍ഡ്, തെക്കേ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനാണ് ഞാന്‍. കൂടുതല്‍ കരുത്തായി ഞാന്‍ തിരിച്ചെത്തും. നമ്മള്‍ തിരിച്ചുവരും.'' റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി.

ഇറ്റലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പരാജയപ്പെടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകലും ഓരോ ഗോള്‍വീതം നേടിയിരുന്നു. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റാഷ്‌ഫോര്‍ഡ്, സാഞ്ചോ, ബുകായോ സാക എന്നിവര്‍ക്ക് പിഴച്ചു.

click me!