കാൽപന്തുകളിയുടെ ഭാവി സുൽത്താൻ, ഒപ്പം ഖത്തറിനെ ത്രസിപ്പിച്ച 6 യുവരക്തങ്ങൾ, ചില്ലറക്കാരല്ല! ഇനി ഇവരുടെ കാലമല്ലേ!

Published : Dec 19, 2022, 09:53 PM ISTUpdated : Dec 19, 2022, 10:13 PM IST
കാൽപന്തുകളിയുടെ ഭാവി സുൽത്താൻ, ഒപ്പം ഖത്തറിനെ ത്രസിപ്പിച്ച 6 യുവരക്തങ്ങൾ, ചില്ലറക്കാരല്ല! ഇനി ഇവരുടെ കാലമല്ലേ!

Synopsis

ചെറുപ്പത്തിന്റെ ഊർജവും പ്രതിഭയുടെ ആവേശവും ഖത്തറിൽ കാഴ്ചവെച്ച ഒട്ടേറെ യുവതാരങ്ങളുണ്ട്. അവരുടെയും നായകനാണ് എംബപ്പെ. അയാൾക്കൊപ്പം ശ്രദ്ധിക്കപ്പെട്ട ആറ് യുവതാരങ്ങളെ പറ്റിയാണ് പറയുന്നത്

കാൽപന്തുകളിയുടെ ഭാവികാലത്തെ സുൽത്താൻ കിലിയൻ എംബപ്പെ എന്ന പ്രഖ്യാപനമാണ് ഖത്തറിൽ മുഴങ്ങിക്കേട്ടത്. ഖത്ത‌റിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതിന് കിട്ടിയ സുവർണ പാദുകവുമായി 24-ാം പിറന്നാൾ ആഘോഷത്തിലേക്ക് എംബപ്പെ നടന്നു കയറുന്നത്. ചെറുപ്പത്തിന്റെ ഊർജവും പ്രതിഭയുടെ ആവേശവും ഖത്തറിൽ കാഴ്ചവെച്ച ഒട്ടേറെ യുവതാരങ്ങളുണ്ട്. അവരുടെയും നായകനാണ് എംബപ്പെ. അയാൾക്കൊപ്പം ശ്രദ്ധിക്കപ്പെട്ട ആറ് യുവതാരങ്ങളെ പറ്റിയാണ് പറയുന്നത്. പട്ടിക ഇത്ര ചെറുതല്ലെന്ന് അറിയായ്കയല്ല, ചുരുക്കപ്പട്ടികയാണ് 

എൻസോ ഫെർണാണ്ടസ് (21), അർജന്റീന

ഇരുപത്തിയൊന്നുകാരൻ എൻസോ അ‍ർജന്റീനയുടെ ഭാവി പതാകവാഹകരിൽ ഒരാളെന്ന് ഫിഫ തന്നെ അംഗീകരിച്ചു. മെക്സിക്കോയ്ക്ക് എതിരെയുള്ള മത്സരത്തിലെ ഒന്നാം തരം ഗോൾ. ക്രൊയേഷ്യക്ക് എതിരെയുള്ള സെമി ഫൈനലിൽ ഏറ്റവും കൂടുതൽ ടാക്കിൾ, മെസിക്കൊപ്പം ഏറ്റവും കൂടുതൽ പാസ് 62. ലോകകപ്പിന് മുമ്പ് അർജന്റീനക്ക് വേണ്ടി അധികം മത്സരങ്ങളിൽ കളിച്ചില്ലെങ്കിലെന്താ, എൻസോ ഇനി കുറേക്കാലം കുറേ വേദികളിൽ കാൽപന്തുകളി ദേശീയ ടീമിനൊപ്പം ആഘോഷമാക്കും. ആറ് മാസം മുമ്പാണ് പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുമായി കരാറൊപ്പിട്ടത്. പക്ഷേ വലിയ വാഗ്ദാനങ്ങളുമായി എൻസോയെ ചാടിക്കാൻ ലിവർപൂൾ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

കപ്പ് താഴെ വയ്ക്കാതെ മെസി..! പുതിയ ചിത്രം പങ്കുവെച്ച് മിശിഹ, രസകരമായ കമന്റുമായി ആരാധകർ
 
അസ്സെദീൻ ഒനാഹി (22), മൊറോക്കോ 

എന്റീശ്വരാ. ഈ കക്ഷി ഇതെവിടെന്ന് നിന്ന് വന്നു? എന്ന് മൊറോക്കയുടെ എട്ടാം നമ്പർ താരത്തെ കണ്ട് അമ്പരന്നത് മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിന്റെ പരിശീലകൻ എൻറിക്വേയാണ്. അസെദ്ദീൻ ഒനാഹി എന്ന 22 കാരൻ ഖത്തറിന് മുമ്പ് അധികമാരും അറിയാതിരുന്ന താരമാണ്. പക്ഷേ ഇപ്പോൾ, ലോകത്തെ തന്നെ ഞെട്ടിച്ച മൊറോക്കോയുടെ താരത്തിളക്കത്തിൽ ഒനാഹിയും ഉണ്ട്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയെ മാറ്റിയതിൽ ഒനാഹിക്ക് വലിയ പങ്കുണ്ട്. സ്പെയിനെതിരെ ക്വാർട്ടറിലും പോർച്ചുഗലിനെതിരെ പ്രീ ക്വാർട്ടറിലും ഏറ്റവും കൂടുതൽ ദൂരം പന്ത് കൈകാര്യം ചെയ്തതും ഡ്രിബിൾ ചെയ്തതും ഒനാഹിയാണ്. ഇപ്പോൾ ഫ്രഞ്ച് ലീഗിൽ ആംഗേഴ്സിന് വേണ്ടി കളിക്കുന്ന ഒനാഹിയെ നോട്ടമിട്ടിരിക്കുന്നത് സാക്ഷാൽ ബാഴ്സലോണ.

യോഷ്കോ ഗാർഡിയോൾ (20), ക്രൊയേഷ്യ

യോഷ്കോ ഗാർഡിയോൾ  ടീനേജ് കഴിഞ്ഞിട്ടേയുള്ളൂ. ക്രൊയേഷ്യയെ  ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതിരോധത്തിലെ വിശ്വസ്തൻ. ലൂസേഴ്സ് ഫൈനലിൽ മൊറോക്കോക്ക് എതിരെ ടീമിന്റെ ആദ്യ ഗോളും ഗാർഡിയോളിന്റെ വകയായിരുന്നു. 20 വർഷവും പത്ത് മാസവും മാത്രം പ്രായമുള്ള ഗാർഡിയോൾ അങ്ങനെ നാടിന് വേണ്ടി ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ജർമൻ ലീഗിൽ ആർ ബി ലൈപ്സിഗിന് വേണ്ടി കളിക്കുമ്പോൾ മൂക്കിനേറ്റ പരിക്ക് കാരണം ലോകകപ്പിൽ ബാറ്റ്മാനെ പോലെ മുഖകവചവുമായി എത്തിയതെങ്കിലും പ്രതിരോധത്തിൽ ഗാർഡിയോൾ സൂപ്പർമാനായിരുന്നു . ക്രൊയേഷ്യയുടെ സുവർണതലമുറ വിടവാങ്ങുന്നത് പ്രതീക്ഷകളോടെയാണ്, ആർബി ലൈപ്സിഗ് ആശങ്കയിലും. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് എല്ലാവരും ഗാർഡിയോളിനെ വട്ടമിടുന്നുണ്ട്. 
 
ജൂഡ് ബെല്ലിങ്ഹാം (19), ഇംഗ്ലണ്ട് 

സെമിയിലെത്താതെ മടങ്ങിയെങ്കിലും വരുംനാളുകളിലെ സൂപ്പർ താരത്തെ അവതരിപ്പിച്ചാണ് ഇംഗ്ലണ്ട് മടങ്ങിയത്, ജൂഡ് ബെല്ലിങ്ഹാം  ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന ബെല്ലിങ്ഹാമിന് പത്തൊമ്പത് വയസ്സേ ആയിട്ടുള്ളു. സെനഗലിന് എതിരായ പ്രീ ക്വാർട്ടറിൽ രണ്ട് ഗോളിനും വഴിവെച്ചത് ബെല്ലിങ്ഹാമിന്റെ ചടുലവും കൃത്യവുമായ പാസുകളാണ്. തീർന്നില്ല. മൈക്കൽ ഓവന് ശേഷം ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും സ്വന്തമാക്കിയിട്ടാണ് ബെല്ലിങ്ഹാം ഖത്തറിൽ നിന്ന് മടങ്ങിയത്.  പാസിങ്ങിന് നൂറ് ശതമാനം കൃത്യത, പോരേ. ബൊറൂസിയ ഡോർട്മുണ്ടുമായുള്ള കരാ‌ർ തീരാനായ ബെല്ലിങ്ഹാമിനെ ഒപ്പം കൂട്ടാൻ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യൂണൈറ്റഡുമെല്ലാം പരസ്പരം മത്സരിക്കുന്നത് വെറുതെയല്ല.  

കോഡി ഗാക്പോ (23), നെതർലൻഡ്

അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരത്തിലും ടീമിന്റെ ആദ്യഗോൾ നേടിയ മിടുക്കൻ. 6 അടി 4 ഇഞ്ച് പൊക്കത്തിൽ അസാധ്യമെന്ന് തോന്നുന്ന ഹെഡറും അടിക്കും, തല തിരിച്ച് വരെ പന്ത് വലയിലേക്കടിച്ചിടും. പിഎസ് വി ഐന്തോവന് വേണ്ടി ഈ സീസണിൽ 24 മത്സരങ്ങളിലായി ഡസനിലധികം ഗോളുകൾ, ഒന്നര ഡസനോളും ഗോളുകൾക്ക് വഴിയൊരുക്കി. നെതർലൻഡ്സ് നായകൻ വാൻഡൈക്ക് ഗാക്പോയെ പറ്റി പറഞ്ഞത്, ഗാക്പോ വേണമെങ്കിൽ ചന്ദ്രനിൽ വരെ പോയി തിരിച്ചുവരുമെന്ന്.  നല്ല കളിക്കാരൻ മാത്രമല്ല നല്ല അച്ചടക്കമുള്ള ഉത്തരവാദിത്തബോധമുള്ള പയ്യനാണെന്നും ഡച്ച് പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ കെൽപുള്ളവനാണെന്നും തെളിയിച്ച് കഴിഞ്ഞു. 

ഗോൺസാലോ റാമോസ് (21), പോർച്ചുഗൽ
  
ലോകകപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായിട്ട്. എന്തായാലും സ്വിറ്റ്സർലൻഡിന് എതിരായ മത്സരത്തിൽ ഹാട്രിക് അടിച്ച് അരങ്ങേറ്റം റാമോസ് ഉഷാറാക്കി.  യൂസേബിയോ എന്ന ഇതിഹാസ താരത്തിന് ശേഷം പോർച്ചുഗലിന് വേണ്ടി ലോകകപ്പ് നോക്കൗട്ടിൽ ഹാട്രിക് അടിച്ചെന്ന ബഹുമതിയാണ് പേരിലാക്കിയത്. ബെൻഫിക്കക്ക് ഒപ്പമാണ് റാമോസ് കളിച്ചുവളർന്നത്.   തലപ്പൊക്കവും ഗരിമയും കൂടുതലുള്ള ക്രിസ്റ്റ്യാനോ റോണാൾഡോ എന്ന മഹാനായ കളിക്കാരന്റെ വഴിയേ പോർച്ചുഗലിനെ നടത്താൻ താരങ്ങളുണ്ട് എന്നത് സി ആർ സെവൻ ആരാധകർക്കും സന്തോഷിക്കാം.

വീഡ‍ിയോ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം