ലോകകപ്പ് സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള മത്സരം, റയൽ മാഡ്രിഡ്-ബാഴ്‌സലോണ ക്ലബ്ബുകളുടെ അഭിമാന പോരാട്ടം കൂടിയാണ്. ഇരുടീമുകളിലും ഈ ക്ലബ്ബുകളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മത്സരത്തിൽ ആരാവും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. Spain vs France Fifa worldcup 2026

ഡാലസ്: ലോകകപ്പിലെ ആദ്യ സെമിയിൽ ഫ്രാൻസും സ്പെയിനും മാറ്റുരയ്ക്കുമ്പോൾ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിനെയും ബാഴ്‌സലോണയെ സംബന്ധിച്ചും ഇതൊരു അഭിമാന പോരാട്ടം കൂടിയാണ്. ബാഴ്‌സയെ സംബന്ധിച്ച് സ്‌പെയിൻ ആദ്യ ഇലവനിൽ ലമീൻ യമാൽ, ഡാനി ഓൾമോ, പെഡ്രി, പൗ കുബാർസി എന്നീ നാല് താരങ്ങളാണ് സ്ഥിരമായി സ്റ്റാർട്ട് ചെയ്യാറുള്ളത്. കൂടാതെ സ്‌ക്വാഡിൽ ജൊവാൻ ഗാർഷ്യ, എറിക് ഗാർഷ്യ, ഗാവി, ഫെറാൻ ടോറസ് എന്നീ താരങ്ങളുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാപ്റ്റനും സൂപ്പർതാരവുമായ എംബാപെയും മധ്യനിരയിൽ ഔറേലിൻ ചുവമേനിയുമാണ് ഫ്രാൻസിനായി സ്റ്റാർട്ട് ചെയ്യുന്ന റയൽ താരങ്ങൾ. കൂടാതെ അവരുടെ പുതിയ സൈനിങ്‌ ആയ ഇബ്രാഹിം കോനാട്ടെയും സ്‌ക്വാഡിലുണ്ട്. ഈ ലോകകപ്പിൽ ഏറ്റവും ഗ്ലാമർ മത്സരത്തിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ബാഴ്‌സ- റയൽ പോരിന്റെ മാനം കൂടി ഈ മത്സരത്തിന് കൈവരുന്നുണ്ട്. ലോകകപ്പിന്റെ താരമാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് എംബാപെയുടെ മുന്നേറ്റം നിലവിൽ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും താരം തന്നെയാണ് മുന്നിൽ. അതേസമയം ഈ ലോകകപ്പിലെ യുവതാരമാവുന്ന പ്രതീക്ഷയിൽ ലമീൻ യമാലും പൗ കുബാർസിയും സ്‌പെയിൻ നിരയിലുണ്ട്. ഒരു ഗോൾ നേട്ടവുമായി ലമീൻ യമാൽ തന്റെ ആദ്യ ലോകകപ്പിൽ വരവറിയിച്ചപ്പോൾ ടീമിന്റെ ആക്രമണത്തിന്റെ പല തുടക്കങ്ങളും യമാലിൽ നിന്ന് തന്നെയാണ് ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര വേദിയിൽ യമാലും എംബാപ്പേയും മുഖാമുഖം വന്നത് രണ്ടുതവണ, രണ്ടിലും ജയം യമാലിനൊപ്പം. ക്ലബ് തലത്തിലും ജയക്കണക്കിൽ മുന്നിൽ യമാൽ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. എട്ട് കളിയിൽ ആറ് ജയമാണ് റയലിനെതിരെ ബാഴ്‌സ നേടിയത്. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തോല്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സ്‌പെയിൻ സെമി കളിക്കാൻ ഇറങ്ങുന്നത്. ലമീൻ യമാലിന്റെ ഗംഭീര ഗോളിലായിരുന്നു അന്ന് സ്‌പെയിനിന്റെ വിജയം. കഴിഞ്ഞ വർഷം നടന്ന നേഷൻസ് ലീഗ് യോഗ്യതാ മത്സരത്തിലും സ്പെയിന് തന്നെയായിരുന്നു വിജയം. ഡാലസിൽ ആര് വാഴും ആര് വീഴും? കാത്തിരുന്ന് കാണാം.

YouTube video player