
അറ്റ്‌ലാന്‍റ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ ലിയോണൽ മെസിയുടെ ഇന്‍റർ മയാമി യൂറോപ്യന്‍ ചാമ്പ്യൻമാരായ പി എസ് ജിയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്‍റര്‍ മയാമി താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ച്. കൂടെ കളിച്ചവരെല്ലാം പ്രതിമകളായതുകൊണ്ടാണ് ഇന്‍റര്‍ മയാമി പി എസ് ജിക്കെതിരെ തോറ്റതെന്നും അല്ലാതെ മെസിയുടെ കുറ്റം കൊണ്ടല്ലെന്നും ഇബ്ര പറഞ്ഞു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളിന് ഇന്‍റര്‍ മയാമിയെ തകര്‍ത്താണ് പിഎസ്‌ജി ക്ലബ്ബ് ലോക്കപ്പ് ക്വാര്‍ട്ടറിലെത്തിയത്. തോല്‍വിക്ക് പിന്നാലെ മെസിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോഴാണ് പ്രതിരോധവുമായി ബാഴ്സലോണയിലെ മുന്‍ സഹതാരം കൂടിയായ ഇബ്ര രംഗത്തെത്തിയത്.
മെസിയുടെ കൂടെ കളിച്ചവരെ സഹതാരങ്ങളെന്നോ മനുഷ്യരെന്നോ പോലും വിശേഷിപ്പിക്കാനാവില്ല. അവര്‍ വെറും പ്രതിമകളായിരുന്നു. അതുകൊണ്ട് തന്നെ ഇത് മെസിയുടെ തോല്‍വിയല്ല, ഇന്‍റര്‍ മയാമിയുടെ തോല്‍വിയാണ്. പിഎസ്‌ജി പോലെയോ മാഞ്ചസ്റ്റര്‍ പോലെയൊ വലിയൊരു ടീമിലായിരുന്നു മെസിയെങ്കില്‍ യഥാര്‍ത്ഥ സിംഹത്തെ നിങ്ങള്‍ക്ക് ഗ്രൗണ്ടില്‍ കാണാന്‍ കഴിയുമായിരുന്നു.
കളിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് മെസി ഇപ്പോഴും ഫുട്ബോളില്‍ തുടരുന്നത്. അവന് ഫുട്ബോളില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ 99 കളിക്കാര്‍ക്കും ഇപ്പോഴും ചെയ്യാനാവില്ല. പക്ഷെ അവനു ചുറ്റും ഉണ്ടായിരുന്നവരെല്ലാം സിമന്‍റ് ചാക്ക് ചുമന്നു കൊണ്ട് ഓടുന്നവരായിരുന്നു. മെസി ഇപ്പോള്‍ കളിക്കുന്ന കളിക്കാരുടെ നിലവാരം കൂടി അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണം. അവന്‍ റൊണാള്‍ഡോക്കെതിരെയോ എംബാപ്പെ, ഹാളണ്ട്, അല്ലെങ്കില്‍ എനിക്കെതിരെയോ കളിക്കുമ്പോഴാണ് ഇങ്ങനെ കളിച്ചതെങ്കില്‍ നിങ്ങള്‍ക്ക് കുറ്റപ്പെടുത്താം. ഒരു നല്ല ടീമിനെ അവന് നല്‍കു, അവനിപ്പോഴും സ്റ്റേഡിയം കത്തിക്കും. കാരണം, മെസി ഇപ്പോഴും ആ പഴയ മെസി തന്നെയാണെന്നും ഇബ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക