
ദോഹ: ക്ലബ് ഫുട്ബോളിലെ വൻകരകളുടെ പോരാട്ടമായ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇത്തവണയും ഖത്തര്‍ വേദിയാകും. ഡിസംബറിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബറിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഡിസംബറിലെ ഫിഫ അറബ് കപ്പ് എന്നിവക്ക് പുറമെയാണ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകള്‍ മറ്റുരക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തറിലെത്തുന്നത്.
ഡിസംബറിൽ നടക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾ കൂടി ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ ടൂർണമെന്റിലെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഡിസംബർ 17നാണ് 2025ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം ഖത്തറിൽ നടക്കുക. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എതിര്‍ ടീമിനെ അമേരിക്കന്‍ കപ്പ്, ചലഞ്ചര്‍ കപ്പ് എന്നിവയിലൂടെ കണ്ടെത്തും. ഡിസംബർ 10ന് അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ് ഡെർബി നടക്കും. തുടർന്ന് ഡിസംബർ 13ന് നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക, ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയിയെയും നേരിടും. ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീമാകും 17ന് നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പിഎസ്ജിയെ നേരിടുക. കഴിഞ്ഞ വര്‍ഷം ലുസൈലില്‍ നടന്ന ഫൈനലില്‍ റയല്‍ മാഡ്രിഡായിരുന്നു ജേതാക്കള്‍.