കൊച്ചി: സെന്റർ ബാക്ക് അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് കരാർ ദീർഘിപ്പിച്ചത്.  കേരളത്തിൽ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമവുമാണ് കരാർ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്.  മലപ്പുറത്തെ വാണിയന്നൂർ സ്വദേശിയായ 25കാരനായ അബ്ദുൽ ഹക്കു നെടിയോടത്ത് തിരൂർ സ്പോർട്സ് അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

തുടർന്ന് ഡി.എസ്.കെ ശിവാജിയൻസ് യൂത്ത് ടീമിലും, സീനിയർ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടാം ഡിവിഷനിൽ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള പ്രതിരോധ താരമായ ഹക്കുവിന്റെ പ്രതിരോധ ചുമതലകളിൽ ഏർപ്പെടുമ്പോഴുള്ള വേഗതയും, ഉയർന്ന പന്തുകൾ തടയുന്നതിനുള്ള സവിശേഷമായ കഴിവും മൈതാനത്ത് മതിപ്പുളവാക്കിയിട്ടുണ്ട്.

2017ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലിൽ എത്തിയ ഹക്കു തുടർന്ന് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗ്  ആറാം സീസണിൽ (2019-20) ഹക്കുവിന് വലിയ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ ലഭിച്ചത്. ഹക്കുമായുള്ള കരാർ ദീർഘിപ്പിക്കുന്നത്,  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഈ സ്റ്റോപ്പർ ബാക്കിന്റെ ഫലപ്രദമായ ടാക്ക്ലിംഗ്  കഴിവുകളിൽ എത്രത്തോളം വിശ്വാസമർപ്പിക്കുന്നു എന്നതിന് തെളിവാണ്.

കേരളത്തിൽ നിന്നുള്ള കളിക്കാരനായതിനാൽ, ബ്ലാസ്റ്റേഴ്സ് തന്റെ കുടുംബമാണെന്ന് ഹക്കു പറഞ്ഞു. ക്ലബ് എന്നിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, ഒപ്പം മുന്നോട്ട് പോകുവാൻ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യും. നമുക്ക് നിരവധി ട്രോഫികൾ ഒരുമിച്ച് നേടാനും, ടീമിലെ പന്ത്രണ്ടാമനും, ക്ലബിന്റെ ഹൃദയത്തുടിപ്പുമായ ആരാധകരോടൊപ്പം സന്തോഷിക്കാനുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ഇതാണ് എന്റെ വീട്, ഞാൻ ഇവിടെതന്നെയുണ്ടാകും- കരാർ വിപുലീകരണത്തെക്കുറിച്ച് അബ്ദുള്‍ ഹക്കു പറഞ്ഞു.

ക്ലബിന്റെ പ്രതിരോധ നിരയിൽ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാൻ അബ്ദുൾ ഹക്കുവിന് കഴിവുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറ‌ഞ്ഞു.  അദ്ദേഹത്തിന്റെ കഴിവുകളിൽ ഞങ്ങൾ വിശ്വസിക്കുന്നു.  കേരളത്തിൽ നിന്നുള്ള  താരമായതിനാൽ ആരാധകരുടെ സ്നേഹവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്നും  അത് അദ്ദേഹത്തെ  പ്രചോദിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കരോലിസ് സ്കിൻകിസ് വ്യക്തമാക്കി.