അർജന്‍റീന-ഇംഗ്ലണ്ട് ലോകകപ്പ് സെമി പോരാട്ടം നിയന്ത്രിക്കുക മെസിയുടെ 'ഭാഗ്യ റഫറി'; ഇംഗ്ലീഷ് ആരാധകർക്ക് ആശങ്ക

Published : Jul 15, 2026, 02:14 PM IST
Referee Ismail Elfath

Synopsis

മെസി കളിച്ച അഞ്ച് മത്സരങ്ങളിലാണ് എൽഫാത്ത് റഫറിയായോ മറ്റ് ഒഫീഷ്യൽ ചുമതലകളിലോ ഉണ്ടായിട്ടുള്ളത്. ഈ അഞ്ച് മത്സരങ്ങളിലും മെസിയുടെ ടീം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി പോരാട്ടം നിയന്ത്രിക്കാൻ ഫിഫ നിയോഗിച്ച റഫറിയെച്ചൊല്ലി ഫുട്ബോൾ ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. മൊറോക്കൻ-അമേരിക്കൻ റഫറിയായ ഇസ്മായിൽ എൽഫാത്തിനെയാണ് ഫിഫ ഈ ബ്ലോക്ക്ബസ്റ്റർ മത്സരത്തിന്‍റെ പ്രധാന റഫറിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ അർജന്‍റീനിയൻ ആരാധകർ ആവേശത്തിലും ഇംഗ്ലീഷ് ആരാധകർ ആശങ്കയിലുമാണ്. കാരണം, എൽഫാത്ത് നിയന്ത്രിച്ച ഒരു മത്സരത്തിൽ പോലും സാക്ഷാൽ ലിയോണൽ മെസി ഇതുവരെ തോറ്റിട്ടില്ല.

മെസി കളിച്ച അഞ്ച് മത്സരങ്ങളിലാണ് എൽഫാത്ത് റഫറിയായോ മറ്റ് ഒഫീഷ്യൽ ചുമതലകളിലോ ഉണ്ടായിട്ടുള്ളത്. ഈ അഞ്ച് മത്സരങ്ങളിലും മെസിയുടെ ടീം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്. ഈ അപൂർവ്വമായ വിന്നിംഗ് റെക്കോർഡ്' പുറത്തുവന്നതോടെ ഫിഫയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി ഇംഗ്ലണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, എൽഫാത്തിന്‍റെ റഫറിയിങ് മുൻകാലങ്ങളിൽ മത്സരഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് യാതൊരു തെളിവുമില്ല.

44 കാരനായ ഇസ്മായിൽ എൽഫാത്ത് ഈ ലോകകപ്പിൽ നിയന്ത്രിക്കുന്ന നാലാമത്തെ മത്സരമാണിത്. ഇതിന് മുൻപ് ഗ്രൂപ്പ് ഘട്ടത്തിലെ ജപ്പാൻ-നെതർലൻഡ്സ് (2-2), സ്പെയിൻ-ഉറുഗ്വേ (1-0) മത്സരങ്ങളും നോക്കൗട്ടിൽ ബ്രസീലിനെ നോർവേ അട്ടിമറിച്ച (2-1) മത്സരവും നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. അമേരിക്കക്കാരായ കോറി പാർക്കർ, കൈൽ അറ്റ്കിൻസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാർ.

മെസിയുടെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിലും എൽഫാത്ത് ഭാഗമായിരുന്നു. ഖത്തറിൽ അർജന്‍റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകകിരീടം ചൂടിയ 2022-ലെ ആവേശ ഫൈനലിൽ ഫോർത്ത് ഒഫീഷ്യൽ എൽഫാത്ത് ആയിരുന്നു. കൂടാതെ, മെസി ഇന്‍റർ മിയാമിക്ക് വേണ്ടി ആദ്യ കിരീടം (ലീഗ്സ് കപ്പ് 2023) നേടിയ ഫൈനൽ മത്സരം നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു.

കളിക്കാരനിൽ നിന്ന് റഫറിയിലേക്ക്; ഇസ്മായിൽ എൽഫാത്ത് ആരാണ്?

മൊറോക്കോയിലെ കാസബ്ലാങ്കയിൽ ജനിച്ച എൽഫാത്ത് 2001-ലാണ് ഡൈവേഴ്സിറ്റി വിസ വഴി അമേരിക്കയിലെത്തുന്നത്. ടെക്സാസ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് യുഎസ് പൗരത്വം സ്വീകരിച്ചു. എൽഫാത്ത് റഫറിങ് കരിയറിലേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ഒരു അമച്വർ ക്ലബ്ബിൽ സ്ട്രൈക്കറായി കളിച്ചിരുന്ന അദ്ദേഹം, റഫറിമാരുടെ മോശം തീരുമാനങ്ങളിൽ എപ്പോഴും അതൃപ്തി പ്രകടിപ്പിക്കുമായിരുന്നു. ഞാൻ കളിസ്ഥലത്ത് കടുത്ത ദേഷ്യക്കാരനായ ഒരു കളിക്കാരനായിരുന്നു. റഫറിമാരെക്കുറിച്ച് ലീഗ് ഓർഗനൈസറോട് എപ്പോഴും പരാതി പറയുമായിരുന്നു. ഒടുവിൽ ഒരു ദിവസം അയാൾ എന്നോട് ചോദിച്ചു, 'നീ എപ്പോഴും പരാതി പറയുകയാണല്ലോ, എന്തുകൊണ്ട് നിനക്ക് തന്നെ ഒരു റഫറി ആയിക്കൂടാ?-എൽഫാത്ത് ഓർത്തെടുത്തു.

അങ്ങനെ ഐടി സെയിൽസ് ജോലി ചെയ്യുന്നതിനൊപ്പം സ്കൂൾ-കോളേജ് മത്സരങ്ങൾ നിയന്ത്രിച്ചാണ് അദ്ദേഹം കരിയർ തുടങ്ങിയത്. 2012-ൽ മേജർ ലീഗ് സോക്കറിലെ ഫുൾ ടൈം റഫറിയായ എൽഫാത്ത്, ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ഓൺ-ഫീൽഡ് വീഡിയോ അസിസ്റ്റന്‍റ് റഫറി റിവ്യൂ നിയന്ത്രിച്ച റഫറി കൂടിയാണ്. 2020, 2022 വർഷങ്ങളിൽ എംഎൽഎസ് റഫറി ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാൻസ് വീണിട്ടും വീഴാതെ എംബാപ്പെ, കിരീടം കൈവിട്ടെങ്കിലും ഇനി ലക്ഷ്യം ഗോള്‍ഡൻ ബൂട്ട്'; ഭീഷണിയായി മെസിയും കെയ്നും
മെസിയുടെ അർജന്‍റീനയോ അതോ കെയ്നിന്‍റെ ഇംഗ്ലണ്ടോ, ലോകകപ്പ് ഫൈനലില്‍ സ്പെയിന്‍റെ എതിരാളികളെ ഇന്നറിയാം