മെസിയുടെ അർജന്‍റീനയോ അതോ കെയ്നിന്‍റെ ഇംഗ്ലണ്ടോ, ലോകകപ്പ് ഫൈനലില്‍ സ്പെയിന്‍റെ എതിരാളികളെ ഇന്നറിയാം

Published : Jul 15, 2026, 01:26 PM IST
Argentina vs England

Synopsis

ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ലോകകപ്പിന്‍റെ സെമി ഫൈനലിൽ അർജന്‍റീന തോറ്റിട്ടില്ല. കളിച്ച സെമികളിലെല്ലാം വിജയിച്ച് ഫൈനലിലേക്ക് കയറിയതാണ് അർജന്‍റീനയുടെ ട്രാക്ക് റെക്കോർഡ്.

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ മഹാപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിന്‍റെ ഫൈനൽ ടിക്കറ്റിൽ സ്പെയിന് ഒപ്പമിരിക്കാൻ പോകുന്ന ആ രണ്ടാമൻ ആരാണ്?. ലോക ചാമ്പ്യന്മാരായ അർജന്‍റീനയോ അതോ 'ഇറ്റ്സ് കമിങ് ഹോം' മുദ്രാവാക്യവുമായി വരുന്ന ഇംഗ്ലണ്ടോ? ഇന്ത്യൻ സമയം ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് അറ്റ്‌ലാന്റയിൽ വെച്ചാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വൈരത്തിന്‍റെ പുതിയ അധ്യായത്തിന് കിക്കോഫാവുന്നത്.

ഫുട്ബോൾ ചരിത്രത്തിലെ യുദ്ധവും പ്രതികാരവും നിറഞ്ഞ ഒന്നാണ് അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടങ്ങൾ. മാൽവിനാസ് (ഫാക്ക്‌ലൻഡ്) യുദ്ധത്തിന്റെ രാഷ്ട്രീയപ്പക മുതൽ, ഡീഗോ മറഡോണയുടെ 'ദൈവത്തിന്‍റെ കൈയും' നൂറ്റാണ്ടിന്റെ ഗോളും വരെ സാക്ഷ്യം വഹിച്ച കടുത്ത ഫുട്ബോൾ വൈരത്തിന്‍റെ പുതിയൊരു ക്ലാസിക് അധ്യായത്തിനാണ് അറ്റ്‌ലാന്റ വേദിയാകുന്നത്. ലിയോണൽ മെസിയും കൂട്ടരും മറ്റൊരു ലോകകപ്പ് ഫൈനൽ കൂടി കണ്ട് കിരീടം നിലനിർത്തുന്നവർ എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുമോ? അതോ അറുപതാണ്ടിന്‍റെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഇംഗ്ലീഷ് പടയ്ക്ക് സാധിക്കുമോ? ഫുട്ബോൾ ലോകം ഇന്ന് രാത്രി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടും.

കനൽവഴികൾ താണ്ടിയാണ് അർജന്‍റീന സെമി ഫൈനൽ വരെയെത്തിയത്. നോക്കൗട്ട് റൗണ്ടുകളിൽ കാബോ വെർദെയും ഈജിപ്തും സ്വിറ്റ്സർലൻഡും വയർപ്പിച്ചെങ്കിലും, തോൽക്കാൻ മനസ്സില്ലാത്ത ചാമ്പ്യന്മാരുടെ കരുത്തിലാണ് ലയണൽ സ്കലോണിയുടെ സംഘം മുന്നേറിയത്. കരിയറിലെ റെക്കോർഡുകളോട് ഇനിയും മോഹം തീരാത്ത സാക്ഷാൽ ലിയോണൽ മെസി തന്‍റെ കരിയറിൽ ആദ്യമായി ഇംഗ്ലണ്ടിനെതിരെ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ക്വാർട്ടർ ഫൈനലിൽ വണ്ടർ ഗോളുമായി വരവറിയിച്ച ജൂലിയൻ അൽവാരസും അലക്സിസ് മക് അലിസ്റ്ററുടെ ക്രിയേറ്റിവിറ്റിയുമാണ് അർജന്‍രീനയുടെ കരുത്ത്. മധ്യനിരയിലെ ചില കോർഡിനേഷൻ പ്രശ്നങ്ങളും പ്രതിരോധത്തിലെ വേഗക്കുറവും സ്കലോണിക്കും തലവേദന നൽകുന്നുണ്ട്. എങ്കിലും ഇത് അർജന്‍റീനയാണ്; സ്കലോണിയുടെ തന്ത്രങ്ങളാണ്. ക്യാപ്റ്റൻ മെസിക്ക് വേണ്ടി ഒടുക്കം വരെ ചോര ചിന്തി പൊരുതാൻ ഉറച്ചവരാണ് ആ നീലയും വെള്ളയും കുപ്പായക്കാർ.

മറുഭാഗത്ത്, തോമസ് ടുഷേൽ എന്ന തന്ത്രശാലിയായ കോച്ചിന് കീഴിൽ ഇംഗ്ലണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്ന ഇരട്ട എഞ്ചിനുകളിലാണ് ഇംഗ്ലീഷ് പടയുടെ കുതിപ്പ്. നോക്കൗട്ടിൽ ബെല്ലിങ്ഹാമിന്‍റെ 'ഡബിൾ പഞ്ച്' പ്രകടനവും ഏത് നിമിഷവും തകർത്തുപെയ്യാവുന്ന ഗോൾമേഘമായ ഹാരി കെയ്‌നിന്‍റെ ഫോമും അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഒപ്പം ആന്‍റണി ഗോർഡൻ എന്ന ഗോൾഡൻ ബോയിയുടെ വിനാശകരമായ വേഗതയും കൂടിയാകുമ്പോൾ ഇംഗ്ലണ്ട് മാരകമാകും.

നോക്കൗട്ടിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾ വഴങ്ങി പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന ചരിത്രമാണ് ഇംഗ്ലണ്ടിനുള്ളത്. പ്രതിരോധത്തിൽ പെട്ടെന്ന് ഗോൾ വഴങ്ങുന്നതാണ് അവരുടെ പ്രധാന ക്ഷീണമെങ്കിലും, കോച്ച് ടുഷേലിന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഇംഗ്ലണ്ട് കൃത്യമായ ടാക്റ്റിക്സോടെ ഇറങ്ങിയാൽ അർജന്‍രീന വിയർക്കുമെന്നുറപ്പാണ്. സെമി പോരിനിറങ്ങുമ്പോള്‍ ഒരു ചരിത്ര സത്യം ഇംഗ്ലണ്ടിന് മുന്നിൽ വലിയ വെല്ലുവിളിയായി നിൽക്കുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ലോകകപ്പിന്‍റെ സെമി ഫൈനലിൽ അർജന്‍റീന തോറ്റിട്ടില്ല. കളിച്ച സെമികളിലെല്ലാം വിജയിച്ച് ഫൈനലിലേക്ക് കയറിയതാണ് അർജന്‍റീനയുടെ ട്രാക്ക് റെക്കോർഡ്.

ആ ആധിപത്യത്തിന്‍റെ ചരിത്രത്തെയും ലയണൽ മെസിയെയും തടഞ്ഞുനിർത്താൻ ഇംഗ്ലണ്ടിന് കഴിയുമോ? അതോ മെസ്സിയും കൂട്ടരും കിരീടം നിലനിർത്താൻ സ്പെയിന് മുന്നിലേക്ക് മാർച്ച് ചെയ്യുമോ? കാത്തിരിക്കാം, അറ്റ്‌ലാന്റയിലെ ആ മഹാപോരാട്ടത്തിനായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡാളസിലെ സ്പാനിഷ് കൊടുങ്കാറ്റ് നേരിട്ട് കണ്ട് ലാലേട്ടൻ; സ്പെയിൻ-ഫ്രാൻസ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം ഗാലറിയിൽ
പണ്ഡിറ്റിന്‍റെ പ്രവചനത്തിന് മുന്നിൽ ഫ്രാൻസ് വീണു; അർജന്‍റീന ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അടുത്ത പ്രവചനം