നിലവിൽ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നിൽ. അർജന്‍റീന നായകൻ ലിയോണൽ മെസിക്കും 8 ഗോളുകളുണ്ട്.
ഡാളസ്: സെമി ഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസിന്‍റെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നങ്ങൾ തകർന്നടിഞ്ഞെങ്കിലും, അവരുടെ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ഫ്രാൻസിന്‍റെ കിരീട മോഹങ്ങൾ അവസാനിച്ചെങ്കിലും, ടൂർണമെന്‍റിലെ ടോപ്പ് സ്കോറർക്കുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള എംബാപ്പെയുടെ പോരാട്ടം ഇനിയും സജീവമാണ്.
നിലവിൽ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നിൽ. അർജന്‍റീന നായകൻ ലിയോണൽ മെസിക്കും 8 ഗോളുകളുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തിൽ മുന്നിലുള്ളതിനാലാണ് (എംബാപ്പെ 3, മെസി 2) എംബാപ്പെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ 6 ഗോളുകളുമായി ഇരുവര്‍ക്കും തൊട്ടുപിന്നിലുണ്ട്. അർജന്‍റീന-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരഫലം ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും നിർണായകമാകും. ഫ്രാൻസിന് ഇനി ശനിയാഴ്ച മിയാമിയിൽ നടക്കുന്ന ലൂസേഴ്സ് ഫൈനൽ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ സെമിയിൽ ജയിക്കുന്ന ടീമിലെ താരങ്ങൾക്ക് ഫൈനൽ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ കൂടി ലഭിക്കുമെന്നത് എംബാപ്പെക്ക് വലിയ വെല്ലുവിളിയാണ്.
ഗോൾഡൻ ബൂട്ട് വിജയിയെ നിശ്ചയിക്കുന്നതിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫ് മത്സരം നിർണ്ണായകമാകുന്നത് ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വമാണ്. ഇതിന് മുൻപ് 1958 ലോകകപ്പിലാണ് സമാനമായ ഒരു സംഭവം ഉണ്ടായത്. അന്ന് ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ വെസ്റ്റ് ജർമ്മനിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ 4 ഗോളുകൾ അടിച്ചുകൂട്ടി, ഒരൊറ്റ ലോകകപ്പിൽ 13 ഗോളുകൾ എന്ന ഇന്നേവരെ തകർക്കപ്പെടാത്ത റെക്കോർഡോടെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. 2022-ൽ 8 ഗോളുകളോടെ ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെ, ഇത്തവണയും അത് നിലനിർത്തി തുടർച്ചയായ രണ്ടാം തവണയും പുരസ്കാരം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഹാരി കെയ്ൻ 2018-ൽ ഇത് നേടിയിട്ടുണ്ടെങ്കിലും സാക്ഷാൽ ലിയോണൽ മെസിക്ക് ഇതുവരെ കരിയറിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. സ്പെയിനെതിരായ മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും മറ്റൊരു ചരിത്ര റെക്കോർഡിന് തൊട്ടരികിലാണ് 27-കാരനായ ഫ്രഞ്ച് നായകൻ. വെറും 21 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. 21 ഗോളുകളുള്ള ലയണൽ മെസ്സിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾ വേട്ടക്കാരുടെ റെക്കോർഡിന് തൊട്ടുപിന്നിലാണ് എംബാപ്പെ ഇപ്പോള്‍.
ഇംഗ്ലണ്ടിനെതിരെ മെസി സ്കോര്‍ ചെയ്യാതിരിക്കുകയും ലൂസേഴ്സ് ഫൈനലില്‍ എംബാപ്പെ ഗോള്‍ നേടുകയും ചെയ്താല്‍ ഈ ലോകകപ്പില്‍ ലോകകപ്പിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെക്ക് സ്വന്തമാവും. ഇത്തവണ മെസിയെ മറികടന്നില്ലെങ്കിലും പ്രായം അനുകൂലമായതിനാൽ, വരാനിരിക്കുന്ന ലോകകപ്പുകളിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെ തിരുത്തിയെഴുതുമെന്ന് ഉറപ്പാണ്.
