
ദോഹ: ഫുട്‌ബോള്‍ ലോകകപ്പിനായെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് ഖത്തര്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്ക് നിര്‍ബന്ധമാക്കി. വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മാസ്‌കും ധരിക്കണം. കോണ്‍ടാക്റ്റ് ട്രേസിംഗ് ഫോണ്‍ ആപ്ലിക്കേഷനായ എഹ്‌തെരാസ് 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം കാണികള്‍ ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്.
ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് സംഘാടകരായ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. വാക്സിന്‍ എടുത്തവരും അല്ലാത്തവരും പരിശോധന നടത്തണം. സന്ദര്‍ശകര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഖത്തറില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല.
എന്നാല്‍, കോവിഡ്-19 പോസിറ്റീവ് ആകുന്നവര്‍ സമ്പര്‍ക്ക് വിലക്കില്‍ കഴിയണം. ഔദ്യോഗിക മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ള റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലങ്ങള്‍ മാത്രമേ സ്വീകരിക്കു, സ്വയം നടത്തിയ പരിശോധന സ്വീകാര്യമല്ല.
ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ഖാതര്‍ പറഞ്ഞു.
'ഇതിനര്‍ത്ഥം ഖത്തര്‍ ചെലവിന്റെ ഇരട്ടി വരുമാനം നേടുമെന്നും ടൂര്‍ണമെന്റിനിടയിലും ശേഷവും ഖത്തര്‍ എല്ലാ അര്‍ത്ഥത്തിലും ലോകകപ്പിന്റെ ഫലം കൊയ്യുമെന്നും തന്നെയാണ്.'' നാസര്‍ അല്‍ഖാതര്‍ എടുത്തുപറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!