ഡച്ച് പടയെ പൂട്ടി സാമുറായ് ബ്ലൂസ്; നെതര്‍ലാന്‍ഡ്സ്-ജപ്പാന്‍ പോരാട്ടം സമനിലയില്‍

Published : Jun 15, 2026, 03:57 AM IST
Japan

Synopsis

ഫിഫ ലോകകപ്പ് 2026-ലെ ആവേശകരമായ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെ ജപ്പാൻ 2-2ന് സമനിലയിൽ തളച്ചു. വിർജിൽ വാൻ ഡൈക്കും ക്രിസെൻസിയോ സമ്മർവില്ലും ഡച്ച് പടയ്ക്കായി ഗോളുകൾ നേടിയപ്പോൾ, കെയ്‌തോ നകാമുറയും ഡായ്ച്ചി കമഡയും ജപ്പാനായി വലകുലുക്കി. അവസാന നിമിഷം നേടിയ ഗോളിലൂടെയാണ് ജപ്പാൻ അവിശ്വസനീയ സമനില സ്വന്തമാക്കിയത്.

ഡാലസ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ച് ജപ്പാന്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു. നെതര്‍ലാന്‍ഡ്സിനായി ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും ക്രിസെന്‍സിയോ സമ്മര്‍വില്ലും ഗോളുകള്‍ നേടിയപ്പോള്‍, കെയ്‌തോ നകാമുറ, ഡായ്ച്ചി കമഡ എന്നിവരാണ് ജപ്പാന്റെ രക്ഷകരായത്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത് റൊണാള്‍ഡ് കൂമാന്റെ ഡച്ച് പടയായിരുന്നെങ്കിലും, കൗണ്ടര്‍ അറ്റാക്കുകളിലൂടെയും കടുത്ത പോരാട്ടവീര്യത്തിലൂടെയും ജപ്പാന്‍ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ആദ്യ പകുതിയുടെ തുടക്കത്തില്‍ ജപ്പാനായിരുന്നാ ആധിപത്യം പുലര്‍ത്തിയിരുന്നത്. പിന്നീട് നെതര്‍ലന്‍ഡ്‌സ് താളം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഗോളൊന്നും പിറന്നില്ല. ശേഷം, 51-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്സ് ആദ്യ വെടിപൊട്ടിച്ചു. റയാന്‍ ഗ്രാവന്‍ബെര്‍ച്ചിന്റെ മികച്ചൊരു ക്രോസില്‍ നിന്നും ലിപര്‍പൂള്‍ താരം കൂടിയായ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചു (10). എന്നാല്‍ ഡച്ചിന്റെ ആഘോഷങ്ങള്‍ക്ക് വെറും 7 മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

57-ാം മിനിറ്റില്‍ തകേഫുസ കുബോ നല്‍കിയ പാസില്‍ നിന്നും കെയ്‌തോ നകാമുറ ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത മനോഹരമായ ഷോട്ട് നെതര്‍ലാന്‍ഡ്സ് ഗോള്‍കീപ്പര്‍ ബാര്‍ട്ട് വെര്‍ബ്രുഗനെ മറികടന്ന് വലയില്‍ കയറി. ജപ്പാന്‍ ഒപ്പമെത്തി (11). കളി വീണ്ടും ആവേശത്തിലായതോടെ ഡച്ച് പട ആക്രമണം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ അവര്‍ വീണ്ടും ലീഡ് എടുത്തു. ക്രിസെന്‍സിയോ സമ്മര്‍വില്ല് തൊടുത്ത ഷോട്ട് വലയുടെ കോണിലേക്ക് തുളച്ചുകയറി (21). ഈ ഗോളിനും വഴിമരുന്നിട്ടത് ഗ്രാവന്‍ബെര്‍ച്ച് ആയിരുന്നു.

ജപ്പാന്റെ വന്‍ തിരിച്ചുവരവ്

ഒരു ഗോളിന് പിന്നിലായതോടെ ജപ്പാന്‍ പരിശീലകന്‍ ഹാജിമെ മൊരിയാസു ബെഞ്ചില്‍ നിന്നും പുതിയ താരങ്ങളെ കളത്തിലിറക്കി തന്ത്രങ്ങള്‍ മാറ്റി. കളി അവസാനിക്കാന്‍ വെറും രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ജപ്പാന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടു. 89-ാം മിനിറ്റില്‍ കോകി ഒഗാവയുടെ പാസില്‍ നിന്നും ഡായ്ച്ചി കമഡ ശാന്തമായി ലക്ഷ്യം കണ്ട് ജപ്പാന് അവിശ്വസനീയമായ സമനില സമ്മാനിച്ചു (22).

6 മിനിറ്റ് അധികസമയം ലഭിച്ചെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല. പന്തടക്കത്തിലും ആക്രമണത്തിലും നെതര്‍ലാന്‍ഡ്സ് മുന്നിട്ടുനിന്നെങ്കിലും കൃത്യമായ സമയത്തെ മാറ്റങ്ങളിലൂടെ ജപ്പാന്‍ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുപ്പമേറിയതാകും എന്നുറപ്പായി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജര്‍മ്മനിയോട് തോറ്റെങ്കിലും കളിക്കാരുടെ പോരാട്ടവീര്യത്തെ വാനോളം പുകഴ്ത്തി ക്യൂറസാവോ കോച്ച്
ക്യുറോസോവൻ ഗോൾ മുഖം തകർത്ത് ജർമ്മൻ പട; ലോകകപ്പിൽ ഗോൾ മഴപെയ്യിപ്പിച്ച് കിമ്മിച്ചും സംഘവും