
ഹൂസ്റ്റൺ: ഗ്രൂപ്പ് ഇ- ലെ ആദ്യ മത്സരത്തിൽ ക്യുറോസോവയ്‌ക്കെതിരെ വമ്പൻ വിജയവുമായി ജർമനി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജർമനി വരവറിയിച്ചിരുന്നു. ഫെലിക്സ് മേട്ച്ച തുടക്കമിട്ട ഗോൾ വേട്ടയ്ക്ക് എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവ് ആണ് അവസാനമിട്ടത്. ആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യുറോസോവ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചിരുന്നു. ലീവാനോ കോമനൻസിയ ആയിരുന്നു ക്യുറോസോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.
സമനില പിടിച്ച് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച ക്യുറോസോവയുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. മുപ്പത്തിയെട്ടാം മിനിറ്റിൽ നിക്കോ ഷോൾട്ടർബക്ക് ജർമനിയുടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റി ഹാവെർട്സ് വലയിലെത്തിക്കുമ്പോൾ ജർമനി ഏകദേശം വിജയമുറപ്പിച്ചിരുന്നു.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ജമാൽ മൂസിയാള തന്റെ വരവറിയിച്ചു. നാല്പത്തിയേഴാം മിനിറ്റിൽ ജർമനി അണ്ഡത്തിയ മികച്ചൊരു മുന്നേറ്റം മൂസിയാളയിലൂടെ അവർ പൂർത്തിയാക്കി. അറുപത്തിയെട്ടാം മിനിറ്റിൽ നഥാനിയേൽ ബ്രൗണും എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവും ജർമനിക്കായി വലകുലുക്കി. എൺപത്തിയെട്ടാം മിനിറ്റിൽ ഹാവെർട്സ് തന്റെ ഇരട്ട ഗോൾ നേടി ജർമനിയുടെ വിജയം സമ്പൂർണ്ണമാക്കി. അതേസമയം തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് ക്യുറോസോവ ഇന്നിറങ്ങിയത്. വിശ്വവേദിയിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞുവെന്ന മികച്ച നേട്ടത്തിന്റെ സന്തോഷമെല്ലാം നിമിഷനേരംകൊണ്ടാണ് ജർമനി തല്ലികെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!