ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന് വെല്ലുവിളി ഏതൊക്കെ ടീമുകള്‍; പ്രവചനവുമായി നെയ്‌മര്‍

By Web TeamFirst Published Feb 6, 2020, 10:26 PM IST
Highlights

ഫുട്ബോള്‍ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന മറുപടിയുമായി നെയ്‌മര്‍. ഇതില്‍ മൂന്ന് ടീമുകള്‍ യൂറോപ്പില്‍ നിന്നാണ്.

പാരിസ്: ഖത്തര്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. അറേബ്യന്‍ മണ്ണില്‍ ആദ്യമായി അരങ്ങേറുന്ന ഫിഫ ലോകകപ്പില്‍ ഏതൊക്കെ വമ്പന്‍മാരുണ്ടാകും. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്‍ജന്‍റീനക്കും ഖത്തറില്‍ ഭാവിയെന്താകും. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനായി ആരാധകര്‍ തലപുകച്ചുതുടങ്ങിയിരിക്കുന്നു. 

യോഗ്യതാ മത്സരങ്ങള്‍ വിജയിച്ച് ഖത്തറില്‍ എത്തുമെന്ന് കരുതപ്പെടുന്ന ടീമുകളിലൊന്നാണ് അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍. വാര്‍ത്താതലക്കെട്ടുകളില്‍ ഇതിനോടകം ഇടംപിടിച്ച യുവതാരങ്ങളും നെയ്‌മര്‍ അടക്കമുള്ള പരിചയസമ്പന്നരുമാണ് ബ്രസീല്‍ സ്‌ക്വാഡില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ തങ്ങളുടെ കരുത്തില്‍ ബ്രസീലിന് തെല്ലും സംശയമില്ല എന്ന് നെയ്‌മറുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഫിഫ ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ നെയ്‌മര്‍ വ്യക്തമാക്കിയത് ഇതൊക്കെ. 

ബ്രസീല്‍ ടീമിനെ പറ്റി

'ഞങ്ങള്‍ കരുത്തതാണ്. ഒട്ടേറെ യുവതാരങ്ങള്‍ ഉണ്ടെങ്കില്‍ കൂടി പരിചയസമ്പന്നരുടെ സംഘമാണ്. രണ്ട് ലോകകപ്പ് കളിച്ച എന്നെ പോലുള്ള താരങ്ങളുണ്ട്. ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. തോല്‍വി രുചിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ അനുഭവങ്ങളുണ്ട്. പരിചയസമ്പത്ത് കൊണ്ട് യുവതാരങ്ങളെ സഹായിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിശീലകസംഘത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് ഞങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അതിനാല്‍ ബ്രസീലിന്‍റെ ഭാവിയെ കുറിച്ച് വലിയ ശുഭാപ്‌തിവിശ്വാസമുണ്ട്'. 

ആരൊക്കെയാവും ഖത്തറിലെ വെല്ലുവിളി

നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സും യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയവും ഇംഗ്ലണ്ടും കനത്ത വെല്ലുവിളിയാവും എന്ന് നെയ്‌മര്‍ പറയുന്നു. നാലാമത്തെ എതിരാളിയുടെ പേരാണ് ആരാധകരെ തീപിടിപ്പിക്കുക. ലാറ്റിനമേരിക്കന്‍ വൈരികളായ അര്‍ജന്‍റീന ഖത്തറിലും വെല്ലുവിളിയാകും എന്ന് നെയ്‌മര്‍ വ്യക്തമാക്കി. 

യുവതാരങ്ങളെ കുറിച്ച്

ബ്രസീലിയന്‍ യുവതാരങ്ങളായ ആര്‍തര്‍, എവര്‍ട്ടന്‍, റിച്ചാര്‍ലിസണ്‍, ഡേവിഡ് നെരസ്, പക്വേറ്റ, ഗാബിഗോള്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റെനിയര്‍ എന്നിവരെ നെയ്‌മര്‍ പ്രശംസിച്ചു. 'എല്ലാ താരങ്ങളും പ്രതിഭാശാലികളാണ്. 2022ഓടെ മാത്രമേ ഇവരുടെ ഫലം പ്രതീക്ഷിക്കാവൂ. പ്രതിഭകളെ കണ്ടെത്തുന്നതില്‍ ബ്രസീലിന് പ്രത്യേക കഴിവുണ്ട്' എന്നും നെയ്‌മര്‍ പറഞ്ഞു.  

click me!