
ഫിലാഡൽഫിയ: ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെയിറങ്ങുകയാണ്. ഹെയ്തിയാണ് ബ്രസീലിന്റെ എതിരാളികൾ. രാവിലെ 6:30 നാണ് മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്ബ്രസീലിൻ ഈ മത്സരം നിർണായകമാണ്. നോക്ക്ഔട്ട് യോഗ്യത ഉറപ്പാക്കണമെങ്കിൽ ബ്രസീലിന് ഇന്ന് ജയിച്ചേ തീരൂ. കഴിഞ്ഞ മത്സരത്തിൽ സ്കോട്ലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ഹെയ്തിക്കും ബ്രസീലിനെതിരെ നിർണായകമാണ്. കോംഗോയും കേപ് വർദെയും പുറത്തെടുത്തതുപോലെയുള്ള പ്രതിരോധ മികവ് ബ്രസീലിനെതിരെ ഹെയ്തി പരീക്ഷിക്കുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകരും ആരാധകരും ഉറ്റുനോക്കുന്നത്.
അതേസമയം ഇന്നത്തെ കളിയിൽ ആദ്യ ഇലവനിൽ പുതിയ പരീക്ഷണം നടത്താൻ കാർലോ ആൻസലോട്ടി തയ്യാറാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മോചിതനായെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാത്ത നെയ്മർ ഹെയ്തിക്കെതിരെയും കളിക്കില്ലെന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാൽ ആദ്യ ഇലവനിൽ ഇഗോർ തിയാഗോയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ് ആൻസലോട്ടിക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആദ്യ മത്സരത്തിൽ ഗോൾ നേടി ഫോമിലേക്കുയർന്ന റയൽമാഡ്രിഡ് താരം വിനീഷ്യസ് ഈ മത്സരത്തിലും തിളങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞകളിയിൽ അവസരം ലഭിക്കാതിരുന്ന മുൻ റയൽമാഡ്രിഡ് യുവതാരം എൻഡ്രിക്കിനെ മുന്നേറ്റനിരയിൽ പരീക്ഷിക്കാൻ ആൻസലോട്ടി തയ്യാറായേക്കാം എന്നും പ്രതീക്ഷകളുണ്ട്. അതേസമയം മത്തിയാസ് കുന്യക്ക് കൂടുതൽ പ്ലെയിങ്ങ് സമയം നൽകാനും സാധ്യതകൾ കാണുന്നുണ്ട്. കഴിഞ്ഞ കളിയിൽ മോശം പ്രകടനം കാഴ്ചവച്ച റാഫീഞ്ഞയും മധ്യനിരയിൽ കാസമിറോയും ലൂക്കാസ് പക്വേറ്റയും തിളങ്ങേണ്ടത് ബ്രസീലിനെ സംബന്ധിച്ച് ഏറ്റവും നിർണായകമാണ്.
പ്രതിരോധത്തിലെ പാളിച്ചകൾ നികത്തി, വിംഗുകളിലൂടെയും ഫുൾ ബാക്കുകളുടെ ആക്രമണം ശക്തമായാൽ മാത്രമേ ബ്രസീലിന് മത്സരത്തിൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ സാധ്യമാവൂ. പൊതുവെ ചെറിയ ടീമുകളോട് തോൽവി ഏറ്റുവാങ്ങാത്ത ബ്രസീൽ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ ജയിച്ചുവരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!