16 വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നെയ്മര്‍

Published : Aug 18, 2025, 12:34 PM IST
Neymar in Tears

Synopsis

പതിനാറ് വർഷത്തെ കരിയറിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ. 

റിയോഡി ജനീറോ: പതിനാറ് വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറിലെ ഏറ്റവും കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീല്‍ ഫുട്ബോള്‍ ലീഗായ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തിൽ നെയ്മറുടെ ടീമായ സാന്‍റോസ്, വാസ്കോഡ ഗാമക്കെതിരെ എതിരില്ലാത്ത ആറ് ഗോളിന് തോറ്റതോടെയാണ് താരം പൊട്ടിക്കരഞ്ഞ് ഗ്രൗണ്ട് വിട്ടത്. ലീഗില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന സാന്‍റോസിനും വാസ്കോ ഡ ഗാമക്കും മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. മത്സരത്തില്‍ സീസണിലെ മൂന്നാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട നെയ്മര്‍ക്ക് ലീഗില്‍ നാലാം സ്ഥാനത്തുള്ള ബാഹിയക്കെതിരായ അടുത്ത മത്സരത്തില്‍ സാന്‍റോസിനായി കളിക്കാൻ ഇറങ്ങാനുമാവില്ല. 

ലീഗില്‍ 19 മത്സരങ്ങളില്‍ 21 പോയന്‍റ് മാത്രമുള്ള സാന്‍റോസ് 15ാം സ്ഥാനത്താണ്. സാന്‍റോസിനെ തകര്‍ത്തെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച വാസ്കോ ഡ ഗാമ 19 പോയന്‍റുമായി പതിനാറാം സ്ഥാനത്താണ്. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ടീമന്‍റെ മുഖ്യ പരിശീലകനായ ക്ലബ്ബര്‍ സേവിയരെ പരിശീലക സ്ഥാനത്തു നിന്ന് സാന്‍റോസ് പുറത്താക്കി.

മത്സരശേഷം തന്‍റെ നിരാശയും ദേഷ്യവും മറച്ചുവെക്കാതെ നെയ്മര്‍ പ്രതികരിച്ചു. ഞാന്‍ നാണംകെട്ടു, ഞങ്ങളുടെ പ്രകടനത്തില്‍ എനിക്ക് കടുത്ത നിരാശയുണ്ട്. സാന്‍റോസിന്‍റെ ആരാധകര്‍ക്ക് പ്രതിഷേധിക്കാന്‍ എല്ലാ അവകാശവുമുണ്ട്. അവര്‍ ഞങ്ങളെ ശപിക്കുകയും അപമാനിക്കുകയും ചെയ്താലും അതിനവരെ കുറ്റം പറയാനാവില്ലെന്നും നെയ്മര്‍ പറഞ്ഞു. ഇതെന്‍റെ കരിയറിലെ ഏറ്റവും വലിയ നാണക്കേടാണ്. ഇതിന് മുമ്പ് ഇത്തരമൊരു തോല്‍വി ഞാന്‍ അനുഭവിച്ചിട്ടില്ല. ഞാന്‍ കരയുന്നത് ദേഷ്യം കൊണ്ടാണ്. ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ എനിക്കായില്ല. ഈ മത്സരത്തില്‍ താന്‍ വെറും പാഴായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു.

 

2009ല്‍ പ്രഫഷണല്‍ കരിയര്‍ തുടങ്ങിയശേഷം സാന്‍റോസ്, ബാഴ്സലോണ, പിഎസ്‌ജി, അല്‍ഹിലാല്‍, ബ്രസീല്‍ ദേശീയ ടീമുകള്‍ക്കായി കളിച്ച നെയ്മറുടെ കരിയറിലെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്നലെ വാസ്കോ ഡ ഗാമക്കെതിരെ വഴങ്ങിയത്. നെയ്മര്‍ കളിച്ച ടീം രണ്ട് തവണ എതിരില്ലാത്ത നാലു ഗോളിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ വലിയ തോല്‍വികള്‍. 2011ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ബാഴ്സലോണക്കെതിരെ സാന്‍റോസിനായി കളിച്ചപ്പോഴും 2015ല്‍ ചാമ്പ്യൻസ് ലീഗില്‍ പി എസ് ജിക്കെതിരെ ബാഴ്സലോണക്കായി കളിക്കുമ്പോഴും നെയ്മറുടെ ടീം 4-0ന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ നെയ്മറുടെ കരിയറിലെ ഏറ്റവും വലിയ തോല്‍വികൾ. 2014ലെ ലോകകപ്പ് ഫുട്ബോൾ സെമിയില്‍ ബ്രസീല്‍ ജര്‍മനിക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളിന് തോറ്റിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരായ മത്സരത്തിലേറ്റ പരിക്കുമൂലം നെയ്മര്‍ സെമിയില്‍ കളിച്ചിരുന്നില്ല.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ