അഭ്യൂഹങ്ങള്‍ക്ക് നെയ്‌മറുടെ ചുവപ്പ് കാര്‍ഡ്; പിഎസ്‌ജിയില്‍ തുടരുമെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Feb 2, 2021, 10:23 AM IST
Highlights

യുവതാരം കിലിയൻ എംബാപ്പേയും തനിക്കൊപ്പം പിഎസ്‌ജിയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും നെയ്‌മര്‍. 

പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ തുടരുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ. അടുത്ത സീസണിൽ താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇരുപത്തിയെട്ടുകാരനായ നെയ്‌മറുടെ വെളിപ്പെടുത്തൽ. 

'പിഎസ്‌ജിയിൽ താൻ വളരെയധികം തൃപ്തനാണ്. മുൻപ് ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം പുറത്തെടുക്കുകയും ടീമിനെ വലിയ വിജയങ്ങളിലേക്ക് നയിക്കുകയുമാണ് തന്റെ ലക്ഷ്യം. യുവതാരം കിലിയൻ എംബാപ്പേയും തനിക്കൊപ്പം പിഎസ്‌ജിയിൽ തുടരുമെന്നാണ് പ്രതീക്ഷ. എംബാപ്പേ ഒരു ഗോള്‍ഡണ്‍ ബോയിയാണ്. എനിക്ക് അനിയനാണ്' എന്നും നെയ്‌മ‍ർ പറഞ്ഞു.

2017ല്‍ റെക്കോര്‍ഡ് തുകയായ 263 മില്യണ്‍ ഡോളറിനാണ് നെയ്‌മര്‍ സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത് എന്നാണ് ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട്. നെയ്‌മര്‍ ബാഴ്‌സയിലേക്ക് മടങ്ങും എന്ന് ഇതിന് ശേഷം പലകുറി വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത വര്‍ഷം ജൂണില്‍ പിഎസ്‌ജിയില്‍ താരത്തിന്‍റെ കരാര്‍ അവസാനിക്കും. 

ഈ സീസണില്‍ പിഎസ്‌ജിക്കായി എംബാപ്പേ 16 ഉം നെയ്‌മര്‍ 13 ഉം ഗോളുകള്‍ നേടിയിട്ടുണ്ട്. പരിക്ക് കാരണം ഏറെ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നിരുന്നു നെയ്‌മര്‍ക്ക്. ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് പിഎസ്‌ജി. 

ഇരു ടീമിനും നിര്‍ണായകം; ഈസ്റ്റ് ബംഗാള്‍-ബെംഗളൂരു പോരാട്ടം ഇന്ന്

click me!