
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് അത്ലറ്റിക് ബില്‍ബാവോയുമായി കരാര്‍ പുതുക്കി സ്‌പെയിനിന്റെ യുവതാരം നിക്കോ വില്യംസ്. 2035 വരെയാണ് നിക്കോയും അത്‌ലറ്റിക് ക്ലബും തമ്മിലുള്ള പുതിയ കരാര്‍. ലമീന്‍ യമാലിനൊപ്പം നിക്കോ വില്യംസിനെയും ക്ലബിലെത്തിക്കാന്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ ശ്രമിച്ചിരുന്നു. നിക്കോ വില്യംസുമായി ബാഴ്‌സലോണ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും താരം കൂടുതല്‍ കരാര്‍ തുക ആവശ്യപ്പെട്ടതാണ് നീക്കത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പുതുക്കിയതിന് പിന്നാലെ നിക്കോ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അത്‌ലറ്റിക് ക്ലബാണ് തന്റെ വീടെന്നും ഇവിടെ തുടര്‍ന്നും കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പിന്നീട് നിക്കോ വ്യക്തമാക്കി.
യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പെയ്‌നിനെ കിരീട വിജയത്തിലേക്ക് നയിച്ചവരാണ് യമാലും നിക്കോ വില്യംസും. നിക്കോ വില്യംസുമായുള്ള ചിത്രങ്ങള്‍ ലമീന്‍ യമാല്‍ ഈയിടെ മൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും ശ്രദ്ധ നേടിയിരുന്നു.
2013 മുതല്‍ അത്‌ലറ്റിക് ക്ലബിലാണ് താരം കളിക്കുന്നത്. 2020 - 2021 സീസണിലാണ് താരം അത്‌ലറ്റിക് ബില്‍ബാവോയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ക്ലബിന് വേണ്ടി 25 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഒരു സമയത്ത് ബാഴ്‌സലോണ മാത്രമല്ല, ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയും ആഴ്‌സണലും നിക്കോയ്ക്ക പിന്നാലെയുണ്ടായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചടി നേരിട്ട ബാഴ്‌സലോണക്ക് യുവതാരം ലാമിന്‍ യമാലിനൊപ്പം നിക്കോ കൂടി എത്തിയാല്‍ അടുത്ത സീസണില്‍ വലിയ മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. യൂറോ കപ്പില്‍ സ്‌പെയിനിനായി ഇടതുവിംഗില്‍ പറന്നു കളിച്ച നിക്കോ വില്യംസും വലതു വിംഗില്‍ എതിരാളികളെ ഓടിത്തോല്‍പ്പിച്ച യമാലും സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. യൂറോ കപ്പില്‍ കളിച്ച ആറ് കളികളില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് നിക്കോ വില്യംസിന്റെ പേരിലുള്ളത്.