ഐഎസ്എല്‍ പ്രതിസന്ധി, കടുത്ത നടപടിയുമായി ഒഡിഷ എഫ് സി, കളിക്കാരുടെയും പരിശീലകരുടെയും കരാര്‍ റദ്ദാക്കി

Published : Aug 02, 2025, 03:53 PM IST
Odisha FC

Synopsis

കരാര്‍ റദ്ദാക്കുന്ന കാര്യം ഒഡിഷ മാനേജ്മെന്‍റ് താരങ്ങളേയും പരിശീലകരേയും വെള്ളിയാഴ്ച രേഖാമൂലം അറിയിച്ചു.

ഭുബനേശ്വര്‍: ഐ എസ് എൽ പന്ത്രണ്ടാം സീസൺ അനിശ്ചിതത്വത്തിലായതോടെ കടുത്ത നടപടിയുമായി ഒഡിഷ എഫ് സി. എല്ലാ താരങ്ങളുടേയും പരിശീലക സംഘത്തിന്‍റെയും നിലവിലെ കരാർ ചൊവ്വാഴ്ചയോടെ റദ്ദാക്കും. കരാര്‍ റദ്ദാക്കുന്ന കാര്യം ഒഡിഷ മാനേജ്മെന്‍റ് താരങ്ങളേയും പരിശീലകരേയും വെള്ളിയാഴ്ച രേഖാമൂലം അറിയിച്ചു. ഈ മാസം അഞ്ചാം തീയതി മുതലാണ് കരാര്‍ റദ്ദാവുക. ലീഗ് പ്രതിസന്ധിയിലായതോടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ പുതുക്കാന്‍ പ്രമുഖ സ്പോണ്‍സര്‍മാരാരും തയാറാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് കളിക്കാരുമായുള്ള കരാര്‍ റദ്ദാക്കാൻ നിര്‍ബന്ധിതരായതെന്നും ഒഡിഷ എഫ് സി വ്യക്തമാക്കി. കഴിഞ്ഞ ഐഎസ്എല്ലില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായ ഒഡിഷ എഫ് സി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള സംപ്രേഷണ അവകാശ കരാർ പുതുക്കാത്തതിനാൽ ഐ എസ് എൽ പന്ത്രണ്ടാം സീസൺ തുടങ്ങാനാവില്ലെന്ന് ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ്എസ്‌ഡിഎല്‍) അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഇതോടെ ക്ലബുകളുടെ നിലനിൽപുതന്നെ പ്രതിസന്ധിയിലായി. ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി വരുന്നതുവരെ എ ഐ എഫ് എഫിന് പ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. ഇതോടെയാണ് എഫ് എസ് ഡി എല്ലുമായുള്ള ഫെഡറേഷന്‍റെ സംപ്രേഷണ അവകാശ കരാർ വൈകുന്നത്. നിലവിലെ കരാർ ഡിസംബർ എട്ടിനാണ് അവസാനിക്കുക.

ഈ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, പഞ്ചാബ് എഫ്‌സി ടീമുകൾ സംയുക്തമായി എ ഐ എഫ് എഫ് പ്രസിഡന്‍റ് കല്യാൺ ചൗബേയ്ക്ക് കത്ത് നൽകിയിരുന്നു.

ലീഗിന്‍റെ ഭാവിയിലുള്ള അനിശ്ചിതത്വം കാരണം മിക്ക ക്ലബുകളുടേയും യൂത്ത് ടീമുകളുടെ പ്രവർത്തനം നിലച്ചു. താരങ്ങളേയും പരിശീലകരേയും ടീമിൽ ഉൾപ്പെടുത്താനാവുന്നില്ല. ഭാവി പദ്ധതികൾ ഒന്നും ആസൂത്രണം ചെയ്യാൻ കഴിയുന്നില്ല. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ടീമുകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്നും ഫെ‍ഡറേഷൻ എത്രയും വേഗം പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ക്ലബുകൾ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയൊന്നും ആകാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഒഡിഷ എഫ് സി കളിക്കാരുടെയുള്‍പ്പെടെ കരാര്‍ റദ്ദാക്കാനൊരുങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം