
ന്യൂയോർക്ക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സഹ-ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഫിഫയെ ട്രോളി ബെൽജിയം. അമേരിക്കൻ താരം ഫോളാരിൻ ബലോഗണിന്‍റെ റെഡ് കാര്‍ഡ് വിവാദത്തില്‍ അമേരിക്കക്ക് അനുകൂലമായി തീരുമാനമെടുത്ത ഫിഫയെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പരിഹസിച്ചുകൊണ്ടാണ് ബെൽജിയം ടീം മറുപടി നല്‍കിയത്.
നോക്കൗട്ട് മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിന താരം താരിഖ് മുഹറെമോവിച്ചിനെ ഫൗൾ ചെയ്തതിന് യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന് റെഡ് കാർഡ് ലഭിച്ചിരുന്നു. നിയമപ്രകാരം അടുത്ത മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് നേരിടേണ്ടതായിരുന്നു. എന്നാൽ, പ്രീ-ക്വാർട്ടറിൽ ബെൽജിയത്തെ നേരിടുന്നതിന് തൊട്ടുമുൻപ് ഫിഫ അപ്രതീക്ഷിതമായി ഈ വിലക്ക് റദ്ദാക്കി. ഈ വിവാദപരമായ തീരുമാനത്തിന് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ഫുട്ബോൾ ലോകം ഞെട്ടി. ഫിഫയുടെ ഈ നടപടിക്കെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷനും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും ശക്തമായി രംഗത്തെത്തിയിരുന്നു. ഫിഫ ലക്ഷ്മണരേഖ മറികടന്നുവെന്നായിരുന്നു യുവേഫയുടെ കടുത്ത വിമർശനം.
ഗ്രൗണ്ടിന് പുറത്തെ ഈ അനീതിക്ക് ഗ്രൗണ്ടിൽ തന്നെ മറുപടി നൽകാൻ ഉറച്ചാണ് അമേരിക്കക്കെതിരെ ബെൽജിയം ബൂട്ട് കെട്ടിയത്. ചാർലസ് ഡി കെറ്റലെയറിന്‍റെ ആദ്യ പകുതിയിലെ ഇരട്ട ഗോൾ മികവിൽ യുഎസിനെ കളിയിൽ അവർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കി. മത്സരത്തിന് പിന്നാലെ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ബെൽജിയം ടീം ഒരു ചിത്രം പങ്കുവെച്ചു. വന്യമായ വിജയആഘോഷങ്ങളുടെ ചിത്രത്തിനൊപ്പം "Overturn This" (ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ) എന്ന രണ്ട് വാക്കുകളുള്ള ക്യാപ്ഷൻ നൽകിയാണ് അവർ ഫിഫയെയും ഒരുപോലെ പരിഹസിച്ചത്.
Overturn this. 🧏♂️ #USABEL pic.twitter.com/KcBAJp3Z7d
— Belgian Red Devils (@BelRedDevils) July 7, 2026
മത്സരശേഷം ബെൽജിയം നായകൻ യൂറി ടീലമാൻസ് റെഡ് കാര്‍ഡ് വിവാദത്തോട് പ്രതികരിച്ചിരുന്നു. സത്യം പറയാമല്ലോ, ആ വാർത്ത കേട്ടയുടൻ ഞങ്ങൾ ടീം അംഗങ്ങൾ ഒരു മീറ്റിംഗ് കൂടിയിരുന്നു. ഞങ്ങൾക്ക് പറയാനുള്ളത് മൈതാനത്ത് കാണിക്കണം എന്ന് പരസ്പരം ഉറപ്പിച്ചു. ഇന്ന് ഞങ്ങൾ അത് ചെയ്തു കാണിച്ചു. എന്‍റെ ടീമിനെക്കുറിച്ച് എനിക്ക് വലിയ അഭിമാനമുണ്ടെന്നായിരുന്നു യൂറി ടീലമാൻസ് പറഞ്ഞത്.
കാനഡയ്ക്കും മെക്സിക്കോയ്ക്കും പിന്നാലെ അമേരിക്കയും പ്രീ-ക്വാർട്ടറിൽ തോറ്റ് പുറത്തായതോടെ ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങളും ടൂർണമെന്റിൽ നിന്ന് പുറത്തായി. വരാനിരിക്കുന്ന കടുത്ത ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബെൽജിയം കരുത്തരായ സ്പെയിനെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ കണ്ണീരിലാഴ്ത്തി വരുന്ന സ്പെയിനുമായി ജൂലൈ 11-ന് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിലാണ് ബെൽജിയത്തിന്‍റെ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!