നിർണായക മത്സരങ്ങളിൽ അപ്രതീക്ഷിതമായി വന്ന് ജയം പിടിച്ചെടുക്കുന്ന വിദ്യ ഈ ലോകകപ്പിലും മൊറീനോ ആവർത്തിച്ചു. തകർപ്പൻ ഫിനിഷിംഗിലൂടെ പോർച്ചുഗലിന്‍റെ പ്രതിരോധപ്പൂട്ട് പൊളിച്ച് വലകുലുക്കിയ ഉടൻ താരം പതിവുപോലെ ഓടിയത് കോർണർ ഫ്ലാഗിനടുത്തേക്കായിരുന്നു.

ന്യൂയോര്‍ക്ക്: ഫുട്ബോൾ താരങ്ങളുടെ ഓരോ ഗോളാഘോഷത്തിന് പിന്നിലും വൈകാരികമായ ഒരു കാരണം ഒളിഞ്ഞിരിപ്പുണ്ടാകും. ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിൽ (90+1' മിനിറ്റിൽ) സ്പെയിനിന്‍റെ വിജയഗോൾ നേടിയ മൈക്കേൽ മൊറീനോ കോർണർ ഫ്ലാഗിന് ചുറ്റും ഓടിക്കൊണ്ട് നടത്തിയ ആഘോഷത്തിന് പിന്നിലും അങ്ങനെയൊരു മനോഹരമായ കഥയുണ്ട്. അത് തന്‍റെ കരിയറിന് വഴികാട്ടിയായ അച്ഛനോടുള്ള ഒരു മകന്‍റെ സ്നേഹാദരമായിരുന്നു!

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിർണായക മത്സരങ്ങളിൽ അപ്രതീക്ഷിതമായി വന്ന് ജയം പിടിച്ചെടുക്കുന്ന വിദ്യ ഈ ലോകകപ്പിലും മൊറീനോ ആവർത്തിച്ചു. തകർപ്പൻ ഫിനിഷിംഗിലൂടെ പോർച്ചുഗലിന്‍റെ പ്രതിരോധപ്പൂട്ട് പൊളിച്ച് വലകുലുക്കിയ ഉടൻ താരം പതിവുപോലെ ഓടിയത് കോർണർ ഫ്ലാഗിനടുത്തേക്കായിരുന്നു. ആ ഫ്ലാഗിനെ ചുറ്റി വലംവെച്ച് താരം കൈകൾ ചുരുട്ടി ആർത്തുവിളിച്ചു. 2024 യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ജർമ്മനിക്കെതിരെ 119-ാം മിനിറ്റിൽ സ്പെയിനിന്‍റെ വിജയഗോൾ നേടിയപ്പോഴും മൊറീനോ ഇതേ രീതിയിലാണ് കളം നിറഞ്ഞത്.

മൊറീനോയുടെ ഈ വ്യത്യസ്തമായ ഗോളാഘോഷം അച്ഛൻ ഏഞ്ചൽ മൊറീനോയുടെപ്രശസ്തമായ ഗോളാഘോഷത്തിന്‍റെ പകർപ്പാണ്. നീണ്ട കാലം സ്പാനിഷ് ലാലിഗയിൽ അത്ലറ്റിക്കോ ഒസാസുന, സെൽറ്റ വീഗോ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി കളം നിറഞ്ഞ താരമായിരുന്നു അച്ഛൻ ഏഞ്ചൽ മൊറീനോ. അന്ന് അദ്ദേഹം ഗോളടിച്ച ശേഷം കോർണർ ഫ്ലാഗിനെ വലംവെച്ചായിരുന്നു ആഘോഷിച്ചിരുന്നത്. തനിക്ക് ഫുട്ബോളിന്‍റെ ലോകത്തേക്ക് വഴിതുറന്നു തന്ന അച്ഛനോടുള്ള ആദരസൂചകമായാണ് മകൻ മൈക്കേൽ മൊറീനോ ഇന്ന് ലോകവേദിയിൽ ആ ആഘോഷം അതേപടി അനുകരിക്കുന്നത്. മൊറീനോയുടെ ഒറ്റ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ലോകകപ്പിൽ നിന്ന് പുറത്താക്കുകയും സ്പെയിനിനെ ക്വാർട്ടർ ഫൈനൽ ടിക്കറ്റുറപ്പാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക