പിഎസ്ജിയിൽ നിന്ന് മേജർ ലീഗ് സോക്കറിലെ ഇന്‍റർ മയാമിയിലേക്കുള്ള മെസിയുടെ കൂടുമാറ്റം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച ഒന്നായിരുന്നു.
മയാമി: 2022ലെ ഖത്തർ ലോകകപ്പിൽ കിരീടമുയർത്തി ലിയോണൽ മെസി ഫുട്ബോൾ ചരിത്രത്തിൽ സമ്പൂർണ്ണനായ നിമിഷം. ലുസൈൽ സ്റ്റേഡിയത്തിലെ അർജന്‍റീനയുടെ ആഘോഷാരവങ്ങൾക്കിടെ ലോകമെമ്പടുമുള്ള ആരാധകർ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ. ഇനിയൊരങ്കത്തിന് മെസിയുണ്ടാകുമോ. ഫുട്ബോൾ താരങ്ങൾ കിതച്ചുതുടങ്ങുന്ന മുപ്പതുകളുടെ അന്ത്യത്തിലേക്ക് അടുക്കുമ്പോഴും മെസിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. 39-ാം വയസ്സിലും അർജന്‍റീനയെ ലോകവേദിയിൽ അച്ചുതണ്ടായി നയിക്കാൻ മെസി വർഷങ്ങൾക്ക് മുൻപേ തയാറാക്കിയ മാസ്റ്റർ പ്ലാനിന്‍റെ കഥയാണിത്.
യൂറോപ്പ് വിട്ടത് കരിയർ അവസാനിപ്പിക്കാനായിരുന്നില്ല
പിഎസ്ജിയിൽ നിന്ന് മേജർ ലീഗ് സോക്കറിലെ ഇന്‍റർ മയാമിയിലേക്കുള്ള മെസിയുടെ കൂടുമാറ്റം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച ഒന്നായിരുന്നു. യൂറോപ്യൻ ലീഗുകളുടെ കടുത്ത വേഗതയോടും ടൈറ്റ് ഷെഡ്യൂളുകളോടും ഇനി പൊരുതാനില്ലാത്തതുകൊണ്ട്, കരിയറിന്‍റെ അവസാനകാലം ആസ്വദിക്കാനും റിലാക്സ് ചെയ്യാനുമാണ് മെസി അമേരിക്കയിലേക്ക് വണ്ടികയറിയതെന്ന് അന്ന് പലരും വിചാരിച്ചു. എന്നാൽ മെസിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. കടുത്ത സമ്മർദ്ദങ്ങളും കനത്ത മത്സരക്രമങ്ങളുമുള്ള യൂറോപ്യൻ ലീഗുകൾ വിടുന്നതിലൂടെ പരിക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാമെന്നും കൃത്യമായ വിശ്രമം ലഭിക്കുമെന്നും മെസി കണക്കുകൂട്ടി. 2026 ലോകകപ്പിനായി തന്‍റെ ശാരീരികക്ഷമതയും ഊർജ്ജവും മുഴുവൻ സംഭരിച്ചുവെക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു അത്.
2026 ലോകകപ്പിന് അമേരിക്ക കൂടി വേദിയാകുമ്പോൾ അവിടുത്തെ കാലാവസ്ഥയുമായി ശാരീരികമായും മാനസികമായും പൊരുത്തപ്പെടേണ്ടതുണ്ടെന്ന് മെസിക്ക് അറിയാമായിരുന്നു. ഇതിനായി അർജന്‍റീന ടീമിലെ തന്‍റെ വിശ്വസ്തനായ സഹതാരവും മധ്യനിര താരവുമായ റോഡ്രിഗോ ഡി പോളിനെ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മയാമിയിലേക്ക് എത്തിക്കാൻ മെസി തന്നെ മുൻകൈ എടുത്തു. ഡി പോളിനൊപ്പം മയാമിയിൽ ഒരേസമയം പ്രത്യേക 'ഡബിൾ സെഷൻ' പരിശീലനങ്ങളാണ് മെസി നടത്തിയത്. ഇത് 39-ാം വയസിലും അർജന്‍റീനയുടെ കുതിപ്പിന് കരുത്താകാൻ മെസിയെ ശാരീരികമായി പാകപ്പെടുത്തി.
ഇന്‍റർ മയാമിയുമായുള്ള കരാർ നീട്ടിക്കൊണ്ട് മെസി അമേരിക്കയിൽ തന്‍റെ സാന്നിധ്യം ശക്തമാക്കിയിരുന്നു. മയാമിയിലെ മെസിയുടെ സാന്നിധ്യം അമേരിക്കയിലെ അർജന്‍റീന ആരാധകരെ വലിയ രീതിയിൽ ആവേശഭരിതരാക്കി. ലോകകപ്പ് വേദിയിൽ തനിക്ക് ലഭിക്കാൻ പോകുന്ന വൻ ജനപിന്തുണയും ഹോം ഗ്രൗണ്ട് പോലെയുള്ള അന്തരീക്ഷവും മെസി മുൻകൂട്ടി കണ്ടിരുന്നു.
കേവലം താരപരിവേഷം കൊണ്ട് മാത്രല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും ടീമിന്‍റെ യഥാർത്ഥ നായകനായി പന്തുതട്ടാൻ മെസി കാലേക്കൂട്ടി ഒരുങ്ങുകയായിരുന്നുവെന്ന് ചുരുക്കം. ഈ ലോകകപ്പിലും ഗോളടിച്ചു കൂട്ടി താൻ തന്നെയാണ് ലോക ഫുട്ബോളിന്‍റെ കേന്ദ്രബിന്ദുവെന്ന് മെസി തെളിയിക്കുമ്പോൾ ഫുട്ബോൾ ലോകം ഒരേസ്വരത്തിൽ പറയുന്നു, The GOAT.
