
മിലാന്: ക്ലബ് ഫുട്ബോളിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാൾഡീനി കുടുംബം. മൂന്ന് തലമുറയിലെ താരങ്ങളാണ് എ സി മിലാനുവേണ്ടി ജഴ്സിയണിഞ്ഞത്. ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ ഡാനിയേൽ കളത്തിലിറങ്ങിയപ്പോള്‍ ചരിത്രം മാൾഡീനി കുടുംബത്തിന് മുന്നിൽ വഴിമാറി.
മാൾഡീനി കുടുംബത്തിൽ നിന്ന് മിലാൻ സീനിയർ ടീമിൽ കളിക്കുന്ന മൂന്നാം തലമുറ പ്രതിനിധിയാണ് ഡാനിയേൽ മാൾഡീനി. അച്ഛൻ പാവ്‍ലോ മാൾഡീനിയും മുത്തച്ഛൻ ചെസറേ മാൾഡീനിയും മിലാന്‍റേയും ഇറ്റലിയുടേയും ഇതിഹാസ താരങ്ങൾ. പകരക്കാരനായി മിലാൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പതിനേഴ് വർഷവും 286 ദിവസവുമാണ് ഡാനിയേലിന്‍റെ പ്രായം.
അച്ഛനും മുത്തച്ഛനും പ്രതിരോധത്തിൽ ഉരുക്കുകോട്ട കെട്ടിയപ്പോൾ ഡാനിയേൽ മിഡ്ഫീൽഡറായും വിംഗറായുമാണ് കളിക്കുന്നത്. മിലൻ അണ്ടർ 17 ടീമിൽ 28 കളിയിൽ 13 ഗോളും അണ്ടർ 19 ടീമിൽ പത്തുഗോളും നേടിയ മികവോടെയാണ് ഡാനിയേൽ ഇത്തവണ സീനിയർ ടീമിലെത്തിയത്. തൊണ്ണൂറ്റിയെട്ടാം നമ്പർ ജഴ്സിയാണ് മിലാൻ മാൾഡീനി കുടുംബത്തിലെ പിൻമുറക്കാരന് നൽകിയിരിക്കുന്നത്.
ഡാനിയേൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അച്ഛൻ പൗളോ മാൾഡീനി മിലാന്‍റെ ഡയറക്ടറാണ്. 1985ൽ അരങ്ങേറ്റം കുറിച്ചതുമുതൽ വിരമിക്കുന്നതുവരെ മിലാന് വേണ്ടി മാത്രം കളിച്ച ഇതിഹാസമാണ് പാവ്‍ലോ. ക്ലബിന്‍റെ 26 കിരീടവിജയങ്ങളിൽ പങ്കാളിയായി. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടവും ഏഴ് സെരി എ കിരീടങ്ങളും ഇതിൽ ഉൾപ്പെടുന്നു. നാല് ലോകകപ്പുകളിൽ ഇറ്റാലിയൻ ജഴ്സിയണിഞ്ഞു.
2009ൽ വിരമിച്ചപ്പോൾ മാഡീനിയുടെ മൂന്നാം നമ്പർ ജഴ്സിയും മിലാൻ പിൻവലിച്ചു. മാൾഡീനിയുടെ മകൻ എന്നെങ്കിലും സീനിയർ ടീമിലെത്തിയാൽ മൂന്നാം നമ്പർ ജഴ്സി നൽകുമെന്നായിരുന്നു അന്ന് ക്ലബിന്‍റെ വിശദീകരണം. പ്രീ-സീസൺ മത്സരങ്ങൾക്ക് ശേഷം ടീമിൽ സ്ഥിരാംഗമായാൽ പാവ്‍ലോയുടെ മൂന്നാം നമ്പർ ജഴ്സി ഡാനിയേലിന് സ്വന്തമാവും. ഡാനിയേലിന്‍റെ സഹോദരൻ ക്രിസ്റ്റ്യനും മിലാൻ യൂത്ത് അക്കാഡമി താരമാണ്.
എ സി മിലാനെ ആദ്യമായി യൂറോപ്യൻ കിരിടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഡാനിയേലിന്‍റെ മുത്തച്ഛൻ ചെസറേ മാൾഡീനി. പിന്നീട് പരിശീലകനായും മിലാന്‍റെ അവിഭാജ്യ ഘടകമായി. 1962 ലോകകപ്പിൽ ഇറ്റലിക്ക് വേണ്ടി കളിച്ച ചെസറേ 1998 ലോകകപ്പിൽ ഇറ്റലിയുടെ പരിശീലകനുമായിരുന്നു. അച്ഛന് കീഴിൽ മിലാന്‍റെയും ഇറ്റലിയുടെയും താരമായിരുന്നു പാവ്‍ലോ. ഇവരുടെ പാത പിന്തുടർന്ന് ഡാനിയേലും ഇറ്റാലിയൻ ടീമിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!