ഡിബാല ഇനി മൗറിഞ്ഞോയ്‌ക്കൊപ്പം; അര്‍ജന്റൈന്‍ താരത്തെ റോമ സ്വന്തമാക്കിയത് മൂന്ന് വര്‍ഷത്തെ കരാറില്‍

By Web TeamFirst Published Jul 19, 2022, 8:49 AM IST
Highlights

ഇറ്റാലിയന്‍ ക്ലബുകളായ ഇന്റര്‍ മിലാനും നാപ്പോളിയും ഡിബാലയ്ക്കായി രംഗത്തുണ്ടായിരുന്നു. റോമയുടെ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടിയുടേയും കോട്ട് ഹൊസെ മോറീഞ്ഞോയുടെയും നേരിട്ടുള്ള ഇടപെടലും ട്രാന്‍സ്ഫറില്‍ നിര്‍ണായകമായി. 

മിലാന്‍: അര്‍ജന്റൈന്‍ താരം പൗളോ ഡിബാലയെ (Paulo Dybala) സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ് എ എസ് റോമ (Roma). യുവന്റസില്‍ നിന്നാണ് ഡിബാല റോമയിലെത്തുന്നത്. മുന്നേറ്റനിരയിലെ വിശ്വസതനായ പൗളോ ഡിബാലയെ റോമ സ്വന്തമാക്കിയത് മൂന്ന് വര്‍ഷത്തെ കരാറില്‍. ആറ് ദശലക്ഷം യുറോയാണ് പ്രതിഫലം. കരാര്‍ പുതുക്കുന്നില്ലെന്ന് യുവന്റസ് (Juventus) തീരുമാനിച്ചതോടെയാണ് ഇരുപത്തിയെട്ടുകാരനായ ഡിബാല പുതിയ തട്ടകം തേടിയത്. 

പ്രീമിയര്‍ ലീഗിലെയും ലാ ലീഗിയിലേയും ക്ലബുകളുടെ ഓഫറുകളുണ്ടായിരുന്നെങ്കിലും പരിചിതമായ സെരി എയില്‍ തുടരാന്‍ തീരുമാനിച്ചതോടെയാണ് ഡിബാല റോമയിലെത്തിയത്. ഇറ്റാലിയന്‍ ക്ലബുകളായ ഇന്റര്‍ മിലാനും നാപ്പോളിയും ഡിബാലയ്ക്കായി രംഗത്തുണ്ടായിരുന്നു. റോമയുടെ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടിയുടേയും കോട്ട് ഹൊസെ മോറീഞ്ഞോയുടെയും നേരിട്ടുള്ള ഇടപെടലും ട്രാന്‍സ്ഫറില്‍ നിര്‍ണായകമായി. 

2015ല്‍ പാലെര്‍മോയില്‍ നിന്ന് യുവന്റസിലെത്തിയ ഡിബാല ക്ലബിനായി 293 കളിയില്‍ 115 ഗോള്‍ നേടിയിട്ടുണ്ട്. ലോകകപ്പ് വര്‍ഷമായതിനാല്‍ കൂടുതല്‍ അവസരം കിട്ടുന്ന ക്ലബിലെത്തി അര്‍ജന്റൈന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കുകയും ഡിബാലയുടെ ലക്ഷ്യം. 2015ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 34 മത്സരങ്ങളിലെ ഇതുവരെ അര്‍ജന്റൈന്‍ ടീമില്‍ അവസരം കിട്ടിയിട്ടുള്ളൂ. നേടാനായത് മൂന്ന് ഗോളും. 

ലെവന്‍ഡോസ്‌കി വൈദ്യ പരിശോധന പൂര്‍ത്തിയാക്കി

ബയേണ്‍ മ്യൂണിക്കില്‍ നിന്നെത്തിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. 33ക-കാരനായ ലെവന്‍ഡോവ്‌സ്‌കി മൂന്ന് വര്‍ഷ കരാറിലാണ് ബാഴ്‌സയില്‍ എത്തിയിരിക്കുന്നത്. ലെവന്‍ഡോവ്‌സ്‌കി ഉടന്‍ അമേരിക്കയില്‍ പ്രീ സീസണ്‍ പര്യടനം നടത്തുന്ന ബാഴ്‌സലോണ ടീമിനൊപ്പം ചേരും. ബുണ്ടസ് ലീഗയില്‍ ബയേണിനായി 12 സീസണുകളില്‍ നിന്നായി 312 ഗോളുകളാണ് ലെവന്‍ഡോസ്‌കി നേടിയത്. 78 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടുകെട്ടിയ ലെവന്‍ഡോസ്‌കി 69ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
 

click me!