ഒരിക്കലും യുണൈറ്റഡിന്റെയോ റയലിന്റെയോ പരിശീലകനാവില്ലെന്ന് ഗ്വാര്‍ഡിയോള

By Web TeamFirst Published Jan 7, 2020, 6:28 PM IST
Highlights

ഇംഗ്ലണ്ടിലെത്തിയത് മാഞ്ചസ്റ്ററിനെ തോല്‍പ്പിക്കാനോ മാഞ്ചസ്റ്ററിന് മുന്നിലെത്താനോ അല്ല. അതെന്റെ ലക്ഷ്യവുമല്ല. കഴിഞ്ഞ രണ്ട് സീസണിലേതുപോലെ നല്ല ഫുട്ബോള്‍ കളിക്കുകയും പരമാവധി കിരീടങ്ങള്‍ നേടുകയുമാണ് ലക്ഷ്യമെന്നും ഗ്വാര്‍ഡിയോള

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയോ,റയല്‍ മാഡ്രിഡിന്റെയോ പരിശീലക സ്ഥാനം ഒരിക്കലും ഏറ്റെടുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. പരിശീലക സ്ഥാനത്തേക്ക് ഓഫറുകളൊന്നും വന്നില്ലെങ്കില്‍ ഈ രണ്ട് ക്ലബ്ബുകളെ പരിശീലിപ്പിക്കുന്നതിനേക്കാളും, ഗോള്‍ഫ് കോഴ്സിലേക്ക് പോകാനോ മാലദ്വീപില്‍ സ്ഥിരതാമസമാക്കാനോ ആകും താന്‍ താത്പര്യപ്പെടുകയെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. ഇഎഫ്എല്‍ കപ്പ് സെമി ഫൈനലില്‍ സിറ്റി യുണൈറ്റ‍ഡിനെ നേരിടാനിറങ്ങുന്നിതിന് തൊട്ടുമുമ്പാണ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

ഇംഗ്ലണ്ടിലെത്തിയത് മാഞ്ചസ്റ്ററിനെ തോല്‍പ്പിക്കാനോ മാഞ്ചസ്റ്ററിന് മുന്നിലെത്താനോ അല്ല. അതെന്റെ ലക്ഷ്യവുമല്ല. കഴിഞ്ഞ രണ്ട് സീസണിലേതുപോലെ നല്ല ഫുട്ബോള്‍ കളിക്കുകയും പരമാവധി കിരീടങ്ങള്‍ നേടുകയുമാണ് ലക്ഷ്യമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. ബയേണ്‍ മ്യൂണിക് പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള സിറ്റിയിലെത്തുന്നതിന് മുമ്പെ യുണൈറ്റഡിന്റെ പരിശീലകനാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗ്വാര്‍ഡിയോള പരിശീലിപ്പിച്ചിട്ടുള്ള ബാഴ്സലോണയുടെയുടെ ബദ്ധവൈരികളാണ് റയല്‍ മാഡ്രിഡ്. സിറ്റിയുടെ ഏറ്റവും വലിയ എതിരാളികളാണ് യുണൈറ്റഡ‍്. ഈ പശ്ചാത്തലത്തിലാണ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

ഗ്വാര്‍ഡിയോള ചുമതലേയേറ്റെടുത്തശേഷം സിറ്റി രണ്ട് തവണ പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയപ്പോള്‍ യുണൈറ്റഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ഇത്തവണ ലിവര്‍പൂളിന്റെ കുതിപിന് മുന്നില്‍ കിരീട പ്രതീക്ഷകള്‍ കൈവിട്ട സിറ്റിയുടെ പരിശീലക സ്ഥാനത്തുനിന്ന് സീസണൊടുവില്‍ ഗ്വാര്‍ഡിയോള പടിയിറങ്ങുമെന്നാണ് കരുതുന്നത്.

click me!