കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി; ബ്രസീലിന് തിരിച്ചടി, കോപ്പ അമേരിക്ക നഷ്‌ടമാകും

By Web TeamFirst Published Apr 7, 2021, 9:52 AM IST
Highlights

ബ്രസീലിന്‍റെ കോപ്പ അമേരിക്ക മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാകുമെന്ന് ഡോ. റോഡ്രിഗോ ലാസ്‌മര്‍ വ്യക്തമാക്കി. കൊളംബിയയിലും അര്‍ജന്‍റീനയിലുമായി ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ നടക്കേണ്ടത്.

സാവോ പോളോ: പരിക്കേറ്റ ബാഴ്സലോണ മിഡ്‌ഫീല്‍ഡര്‍ ഫിലിപെ കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ ടീമിന്റെ പ്രധാന ഡോക്ടറായ റോഡ്രിഗോ ലാസ്‌മറിന്റെ മേൽനോട്ടത്തിലായിരുന്നു ശസ്‌ത്രക്രിയ. ഇതോടെ താരത്തിന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നഷ്‌ടമാകും. 

ഡിസംബർ 29ന് ഐബറിനെതിരായ ലാ ലീഗ മത്സരത്തിനിടെയാണ് കുടീഞ്ഞോയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. പിന്നാലെ ജനുവരി ആദ്യം താരത്തെ ശസ്‌ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അതേ കാല്‍മുട്ടില്‍ തിങ്കളാഴ്‌ച ശസ്‌ത്രക്രിയ വേണ്ടിവന്നതോടെ കുടീഞ്ഞോയ്‌ക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഏറെനാൾ കാത്തിരിക്കേണ്ടിവരും. 

കോപ്പ അമേരിക്ക മത്സരങ്ങള്‍ കുടീഞ്ഞോയ്‌ക്ക് നഷ്‌ടമാകുമെന്ന് ഡോ. റോഡ്രിഗോ ലാസ്‌മര്‍ വ്യക്തമാക്കി. കൊളംബിയയിലും അര്‍ജന്‍റീനയിലുമായി ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് കൊവിഡ് 19 മഹാമാരി മൂലം ഈ വര്‍ഷത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു. ബ്രസീലാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കാനറികള്‍ 2019ല്‍ കപ്പുയര്‍ത്തുമ്പോള്‍ എല്ലാ മത്സരത്തിലും കുടീഞ്ഞോ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. 

ബയേണില്‍ ഒരു വര്‍ഷം ലോണില്‍ കളിച്ച ശേഷം ഈ സീസണിലാണ് കുടീഞ്ഞോ ബാഴ്‌സയില്‍ തിരിച്ചെത്തിയത്. മടങ്ങിവരവിലെ 14 മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടി. 

ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടര്‍: ലിവർപൂളിനെ തരിപ്പണമാക്കി റയല്‍, സിറ്റിക്കും ജയം

click me!