പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയില്‍ ഗ്രൌണ്ടില്‍ മഴവില്‍ പതാകയുമായി യുവാവിന്‍റെ പ്രതിഷേധം

By Web TeamFirst Published Nov 29, 2022, 8:29 AM IST
Highlights

യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു എഴുത്ത്. ഗ്രൂപ്പ് വിഭാഗത്തിലെ മത്സരത്തിനിടയിലായിരുന്നു ഇത്. നീല നിറത്തിലെ ടീ ഷര്‍ട്ടില്‍ സൂപ്പര്‍മാന്‍റെ ലോഗോയും പതിച്ചിരുന്നു

പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയില്‍ ഗ്രൌണ്ടിലേക്ക് ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഇരച്ചെത്തി യുവാവിന്‍റെ പ്രതിഷേധം. മരിയോ ഫെറി എന്ന യുവാവിന്‍റെ ടീഷര്‍ട്ടില്‍ അടിമുടി പ്രതിഷേധ സൂചകങ്ങള്‍ ആയിരുന്നു. യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു എഴുത്ത്. ഗ്രൂപ്പ് വിഭാഗത്തിലെ മത്സരത്തിനിടയിലായിരുന്നു ഇത്. നീല നിറത്തിലെ ടീ ഷര്‍ട്ടില്‍ സൂപ്പര്‍മാന്‍റെ ലോഗോയും പതിച്ചിരുന്നു. സെക്കന്‍ഡ് ഹാഫിലായിരുന്നു പ്രതിഷേധക്കാരന്‍ ഗ്രൌണ്ടിലേക്ക് ഇരച്ചെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ട് ഇയാളെ പിടികൂടി ഗ്രൌണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

മഴവില്‍ നിറത്തിലെ പതാക ഗ്രൌണ്ടിലിട്ട ശേഷമായിരുന്നു യുവാവ് പോയത്. പിന്നീട് ഈ പതാക റഫറി പെറുക്കിയെടുത്ത് ഗ്രൌണ്ടിന് പുറത്ത് കൊണ്ടുപോയി വയ്ക്കുകയായിരുന്നു. കുറച്ച് സമയം ഈ പതാക ലൈനില്‍ കിടന്ന ശേഷമാണ് വോളന്‍റിയര്‍ എത്തി പതാക നീക്കം ചെയ്തത്. ക്വീര്‍ സമൂഹത്തിനെതിരായ ലോകകപ്പ് ഫുട്ബോള്‍ ആതിഥേയ രാജ്യത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധം ശക്തമായിരുന്നു. മത്സരങ്ങളിലുടനീളം ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധാനുകൂലികള്‍ക്ക് അനുകൂലമായ പ്രതിഷേധങ്ങള്‍ക്കും ഖത്തര്‍ വേദിയായിരുന്നു.

ലോകകപ്പ് ആരംഭിക്കുന്നതിന് ആ്ചകള്‍ക്ക് മുന്‍പ് ഖത്തറിലെ ക്വീര്‍ സമൂഹത്തില് ഉള്‍പ്പെട്ടവരെ പൊലീസ് വ്യാപകമായി അറസ്റ്റ് ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുന്‍ ഖത്തര്‍ ഫുട്ബോള്‍ താരം ഖാലിദ് സല്‍മ ക്വീര്‍ സമൂഹത്തെ മാനസിക വൈകല്യമുള്ളവരെന്നായിരുന്നു അധിക്ഷേപിച്ചത്. ലോകകപ്പിന്‍റെ അംബാസിഡര്‍ കൂടിയാണ് ഖാലിദ് സല്‍മ. മഴവില്‍ നിറങ്ങളിലെ ആം ബാന്‍ഡ് അണിയാന്‍ ആവശ്യമുയര്‍ത്തിയ ഏഴ് യൂറോപ്പ് ടീമുകളും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വിലക്ക് ഭീഷണിയുയര്‍ത്തിയാണ് യൂറോപ്പിന്‍റെ നീക്കത്തെ ഫിഫ പ്രതിരോധിച്ചത്.

മഴവില്‍ നിറത്തിലുള്ള ഒന്നും തന്നെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ അനുമതിയില്ലെന്ന് ചില ഫുട്ബോള്‍ ആരാധകരും പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നിരീക്ഷണം തുടരുന്നതിനിടയിലാണ് ഇന്നലെ ഗ്രൌണ്ടിലേക്ക് അടിമുടി പ്രതിഷേധവുമായി യുവാവ് ഇരച്ചെത്തിയത്. സ്വവര്‍ഗാനുരാഗികളുടെ അത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അടയാളമായാണ് മഴവില്‍ നറമുള്ള പതാകയെ കാണുന്നത്. 1978ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗേ ഫ്രീഡം ഡേയിലാണ് വര്‍ണ്ണങ്ങള്‍ നിറഞ്ഞുതുളുമ്പുന്ന പതാക ആദ്യമായി അവതരിപ്പിച്ചത്. 

click me!