
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ ലിവർപൂളിന് ജയം. ലിവർപൂൾ ഏകപക്ഷീയമായ ഒറ്റ ഗോളിന് ആഴ്‌സണലിനെ തോൽപിച്ചു. ഡൊമിനിക് സോബോസ്‌ലോയ് നേടിയ ഗോളാണ് ലിവർപൂളിനെ രക്ഷിച്ചത്. എൺപത്തിമൂന്നാം മിനിറ്റിലായിരുന്നു കളിയുടെ വിധി നിശ്ചയിച്ച ഗോൾ. തുടർച്ചയായ മൂന്നാം ജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ആദ്യ തോൽവി നേരിട്ട ആഴ്‌സണൽ ആറ് പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി
അതേസമയം, മാഞ്ചസ്റ്റർ സിറ്റിയുടെയും പെഗ് ഗ്വാർഡിയോളയുടേയും കഷ്‌ടകാലം തുടരുകയാണ്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം തോൽവി നേരിട്ടു. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളിന് സിറ്റിയെ ഞെട്ടിക്കുകയായിരുന്നു. ബ്രൈറ്റണെതിരെ സിറ്റി തോൽവി വഴങ്ങിയത് എർലിംഗ് ഹാലൻഡിന്‍റെ ഗോളിന് മുന്നിൽ എത്തിയ ശേഷം. പ്രീമിയർ ലീഗിൽ തന്‍റെ നൂറാം മത്സരത്തിനിറങ്ങിയ ഹാലൻഡ് മുപ്പത്തിനാലാം മിനിറ്റിൽ ലക്ഷ്യംകണ്ടു. സിറ്റി ജഴ‌്‌സിയിൽ ഹാലൻഡിന്‍റെ എൻപത്തിയെട്ടാം ഗോളായിരുന്നു ഇത്. പിന്നാലെ 67-ാം മിനിറ്റില്‍, സിറ്റിയുടെ മുൻതാരമായ ജയിംസ് മിൽനറുടെ പെനാല്‍റ്റി ഗോളിൽ ബ്രൈറ്റൺ മുന്നിലെത്തി. കളി തീരാൻ ഒരു മിനിറ്റുള്ളപ്പോൾ രക്ഷകനായി അവതരിച്ച ബ്രയാൻ ഗ്രൂഡ ബ്രൈറ്റണിന് ത്രില്ലര്‍ ജയം സമ്മാനിച്ചു. സീസണിൽ ബ്രൈറ്റണിന്‍റെ ആദ്യ ജയമാണിത്.